ആലപ്പുഴ: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചതിൽ കേസെടുത്തു. നിർമാണ കമ്പനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി.
ഇന്ന് പുലർച്ചയോടെയാണ് ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ പിക്കപ്പ് വാനിൻ്റെ ഡ്രൈവർ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. വാനിൻ്റെ മുകളിലേക്ക് ഗർഡർ തകർന്നുവീഴുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട് എന്നും അധികൃതർ കൃത്യമായ നടപടി സ്വീകരിക്കാറില്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു.
ജാക്കി തെറ്റി മാറിയതാണ് ഗർഡർ നിലംപതിക്കാൻ കാരണമെന്നാണ് സ്ഥലം എംഎൽഎ ദലീമ പറഞ്ഞു. ഒരു ജീവൻ ആണെങ്കിലും അത് വലുതാണ്. അത് നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ അറിയിച്ചു. അപകടത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി പിഡബ്ല്യുഡി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദേശപ്രകാരം പിഡബ്ല്യുഡി സെക്രട്ടറി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും.