കാസർഗോഡ്: സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. സംഘാടകരായ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിൻ്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ഫെസ്റ്റിൻ്റെ ഭാഗമായിട്ടായിട്ട് സംഘടിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് പരിക്കേറ്റത്. ഗായകനായ ഹനാൻ ഷായുടെ സ്റ്റേജ് പരിപാടിക്ക് വലിയ രീതിയിൽ ആളുകൾ തടിച്ചു കൂടിയതാണ് അപകടത്തിന് കാരണം. നഗര ഹൃദയത്തോട് ചേർന്ന് വേദി ഒരുക്കിയിരുന്നതിനാൽ ദേശീയ പാതയിൽ ഉൾപ്പെടെ ആളുകൾ കൂടിയിരുന്നു. ഹനാൻ ഷാ വേദിയിലേക്ക് വരുന്നതിനിടെ ആരാധകർ കൂട്ടത്തോടെ വന്നതാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണം. ഇതിനിടയിൽ ചിലർ കുഴഞ്ഞു വീഴുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. ആരുടേയും നില ഗുരുതരമല്ല.
ഇതിന് പിന്നാലെ, ആളുകളെ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നു. പരിപാടി വൈകുന്നതുമായി ബന്ധപ്പെട്ടും ഇതിനിടെ പ്രശ്നങ്ങൾ ഉണ്ടാവുകയും ആളുകൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ലാത്തി ചാർജും നടത്തിയാണ് കൂട്ടം കൂടിയവരെ ഓടിച്ചത്.