KERALA

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെതിരെ ആണ് കേസ് എടുത്തത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ് എടുത്തു. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെതിരെ ആണ് കേസ് എടുത്തത്.

ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചാണ് വിദ്യാർത്ഥിനിയുടെ കൈ പൊട്ടിയത്. കുടുംബവും പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

കണക്ക് അധ്യാപകനാണ് കുട്ടിയെ ചൂരൽ കൊണ്ടടിച്ചത്. ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അധ്യാപകൻ അടിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ചത് കൂടാതെ പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നുമാണ് പരാതി. കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.

മകളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്.

SCROLL FOR NEXT