കൊച്ചി: പൊലീസ് കരുതൽ തടങ്കലിൽ എടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. 111(3),111(4) ബിഎൻഎസ് പ്രകാരമാണ് കേസ്. ഹൈവേ കവർച്ചയുടെ ഗൂഢാലോചനയ്ക്ക് എത്തിയതാണ് എന്നാണ് വിലയിരുത്തൽ. അർജുനെ കോടതിയിൽ ഹാജരാക്കും.
ഇന്ന് രാവിലെയാണ് അർജുനെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് പിടികൂടിയത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ ആയങ്കി എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്. ഇവർ സഞ്ചരിച്ച മൂന്ന് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹത ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.