തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പുതിയ കേസെടുത്ത് എസ്ഐടി. അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിലാണ്, ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, അനർഹരായ ഉദ്യോഗാർഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. പിഎസ്സി രീക്ഷാ ക്രമക്കേടിൽ എസ്ഐടി രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്.
അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ ഡിവൈഎഫ്ഐ നേതാവിനെ ഉൾപ്പെടുത്തിയത് പിഎസ്സി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്നായിരുന്നു എസ്ഐടിയുടെ പ്രാഥമിക വിലയിരുത്തൽ. കാഴ്ചപരിമിതിയുള്ള കണ്ണൂരിലെ നേതാവ് സുവിൻ കെയെ യൂണിഫോം തസ്തികയിലെ റാങ്ക് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതിക്ക് മുൻപ് യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നും അന്വേഷണം സംഘം പറഞ്ഞിരുന്നു.