KERALA

എൻ. എം. വിജയൻ്റെ മരണം: കരാർ രേഖ ആരോപണത്തിൽ കുടുങ്ങി കോൺഗ്രസ്

വിജയൻ്റെ കുടുംബത്തിന് പാർട്ടി ധനസഹായം നൽകുമെന്ന് ഒപ്പിട്ട കരാർ രേഖ നൽകുന്നില്ലെന്ന് മരുമകൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയന് പിന്നാലെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്തോടെ കരാർ രേഖ ആരോപണത്തിൽ കുടുങ്ങി കോൺഗ്രസ്. അങ്ങനെയൊരു കരാർ തന്നെ നിലവിലില്ലെന്നാണ് കെപിസിസിയുടെ വാദം. എന്നാൽ കരാർ തയ്യാറാക്കിയിരുന്നുവെന്നും കെപിസിസി നേതൃത്വം ചോദിച്ചപ്പോൾ താൻ മേടിച്ചു നൽകിയെന്നും ടി. സിദ്ധിഖ് പറയുന്നു.

വിജയൻ്റെ കുടുംബത്തിന് പാർട്ടി ധനസഹായം നൽകുമെന്ന് ഒപ്പിട്ട കരാർ രേഖ നൽകുന്നില്ലെന്ന് പത്മജ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയനും മകൻ ജിജേഷും വിഷംകഴിച്ച് മരിച്ചത്. വിജയൻ്റെ ആത്മഹത്യാക്കുറിപ്പും തെളിവുകളും പുറത്തുവന്നത് വയനാട്ടിലെ കോൺഗ്രസ് നേതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐ. സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ. കെ. ഗോപിനാഥൻ, പി. വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു.

വൻ സാമ്പത്തിക ബാധ്യത വിജയനുണ്ടായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ആളുകൾക്ക് നിയമനം വാഗ്‌ദാനം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ടാണ് വിജയന്‌ കടബാധ്യതവന്നതെന്നും ആരോപണം ഉയർന്നിരുന്നു. എൻ.എം. വിജയന് രണ്ടരക്കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നു.

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി കുടുംബത്തിന് ഉറപ്പു നൽകിയെങ്കിലും, കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയായിരുന്നുവെന്ന്‌ പത്മജ കഴിഞ്ഞദിവസം പറഞ്ഞു. പണം നൽകാമെന്ന കരാർ ടി. സിദ്ദിഖ് എംഎൽഎയാണ് ഒപ്പിട്ടത്. എന്നാൽ ഒപ്പിട്ട രേഖ വാങ്ങാൻ അഭിഭാഷകൻ്റെ അടുത്തു പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടുവെന്ന് പത്മജ പറഞ്ഞു.

പാർട്ടി വാക്ക് പാലിക്കില്ലെന്ന തോന്നലുള്ളതുകൊണ്ടാണ് കരാർ ഉണ്ടാക്കിയെതെന്നാണ് ടി. സിദ്ധിഖിൻ്റെ ആരോപണം. കരാർ തയ്യാറാക്കിയിരുന്നുവെന്നും കെപിസിസി നേതൃത്വം ചോദിച്ചപ്പോൾ താൻ മേടിച്ചു നൽകിയതാണെന്നും ടി സിദ്ധിഖ് പറയുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് രേഖയിൽ എഴുതിയിരുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. കുടുംബം ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്ക് അവരുടെ ആവശ്യങ്ങൾ മുഴുവൻ നിർവഹിക്കാനാവില്ലെന്നാണ് കെപിസിസിയുടെ നിലപാട്. കുടുംബവുമായി ഉണ്ടാക്കിയ കരാർ തെറ്റാണെന്നും അങ്ങനെയൊരു കരാർ നിലവിലില്ലെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.

SCROLL FOR NEXT