കപ്പൽ യാത്രക്കിടെ കാണാതായ കുണ്ടറ സ്വദേശി അഭിനന്ദിനായുള്ള അന്വേഷണം ആരംഭിച്ച് സിബിഐ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഈജിപ്തിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെ 2017 മാർച്ച് 22 നാണ് അഭിനന്ദിനെ കാണാതായത്. ഷാർജയിലെ ഏരീസ് മറൈൻ എൽഎൽസി കപ്പൽ കമ്പനിയിലെ ബ്ലാസ്റ്റർ പെയ്ൻ്റാറായിരുന്നു അഭിനന്ദ്. അവിടുന്ന് സിഎംഎ സിജിഎം ബെർലിയോസ് എന്ന ഫ്രഞ്ച് കണ്ടയ്നർ കപ്പലിൽ പിന്നീടു ജോലിക്ക് നിയോഗിച്ചു. കപ്പലിലെ ജീവനക്കാരനിൽ നിന്ന് മകന് ഭീഷണിയുണ്ടായിരുന്നതായി അഭിനന്ദ് മാതാപിതാക്കളോട് പറഞ്ഞിരുന്നു. കൂടാതെ കൂടെ ജോലി ചെയ്യുന്ന ഒരാൾ പീഡിപ്പിച്ചുവെന്നും അഭിനന്ദ് പറഞ്ഞിരുന്നു. ഇതിനിടെയാണ് അഭിനന്ദിനെ കാണാനില്ലെന്ന് കപ്പൽ മാനേജർ വീട്ടുകാരെ അറിയിച്ചത്.
കുണ്ടറ പൊലീസിലാണ് രക്ഷിതാക്കൾ ആദ്യം പരാതി നൽകിയത്. തുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിജിപിക്കടക്കം പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.