തൃശൂര്‍: കോണ്‍ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്ക് ചേക്കേറി സി.സി. മുകുന്ദന്‍. എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ നിന്ന് നാട്ടികയില്‍ നിന്ന് മത്സരിച്ച് വിജയിച്ച സി.സി. മുകുന്ദന്‍ ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സിപിഐയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
സിപിഐ ഇക്കുറി സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ യുഡിഎഫ് പിന്തുണയില്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെയും നാട്ടികയിലെ പ്രദേശിക നേതൃത്വത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് സി.സി. മുകുന്ദനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ബിജെപി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ സി.സി. മുകുന്ദന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. നാട്ടികയില്‍ മത്സരിക്കുന്ന കാര്യം ഉറപ്പാണെന്നും ബിജെപി പിന്തുണ തേടുമോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനെടുക്കുമെന്നുമായിരുന്നു സി.സി. മുകുന്ദന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ബിജെപി പാളയത്തിലേക്ക് പോകുന്നുവെന്ന് ഉറപ്പിച്ചിരിക്കുന്നത്.
സി.സി. മുകുന്ദനുമായി കൂടിക്കാഴ്ചയ്ക്ക് നേരത്തെ കെസി വേണുഗോപാൽ തയ്യാറായിരുന്നില്ല. അതേസമയം ജി സുധാകരനെ അമ്പലപ്പുഴയിൽ പിന്തുണയ്ക്കാനും തീരുമാനിച്ചിരുന്നു. നാട്ടികയിൽ ഇക്കുറി ഗീതാഗോപിയാണ് സിപിഐ സ്ഥാനാർഥി. ഗീതാഗോപിയെ സ്ഥാനാർഥിയാക്കുമെന്ന് ഉറപ്പായതോടെയാണ് സിസി മുകുന്ദൻ സിപിഐ വിട്ടത്.