പഠിപ്പിക്കലിന് പുറമെ സെൻസസ് ഡ്യൂട്ടി 
KERALA

പഠിപ്പിക്കലിന് പുറമെ സെൻസസ് ഡ്യൂട്ടി; അധ്യാപകർ ദുരിതത്തിൽ

സ്കൂൾ സമയം കഴിഞ്ഞ് നാല് മണിക്ക് ശേഷം കണക്കെടുപ്പ് നടത്താനാണ് നിർദേശം.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ ദുരിതത്തിലെന്ന് റിപ്പോർട്ട്. ക്ലാസ് സമയത്തിന് ശേഷം മാത്രമേ കണക്കെടുപ്പിന് പോകാവൂ എന്ന നിർദേശത്തെ തുടർന്നാണ് അധ്യാപകർ പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രത്യേകിച്ചും കണ്ണൂരിലെ മലയോര ഗ്രാമങ്ങളിലെ അധ്യാപകർക്ക്. സ്കൂൾ സമയം കഴിഞ്ഞ് നാല് മണിക്ക് ശേഷം കണക്കെടുപ്പ് നടത്താനാണ് നിർദേശം. കനത്ത മഴയും, പ്രതികൂല കാലാവസ്ഥയും മലയോര പ്രദേശത്തേക്കുള്ള സെൻസസിന് തടസമാകുന്നുണ്ടെന്ന് അധ്യാപിക പറയുന്നു.

കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിലെ കൂനമ്പള്ള എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള പ്രദേശമാണ്. ഇവിടെയാണ് അധ്യാപികയ്ക്ക് സെൻസസ് ഡ്യൂട്ടിയുള്ളത്. ഇവിടേക്ക് വാഹനമില്ലാതെ എത്താനാവില്ല. ഇനി വാഹനവുമായി പോയാൽ കോടമഞ്ഞ് കാഴ്ച മറയ്ക്കും.

ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ഏത് സമയവും ഈ വഴിയിൽ വരും. ലഭിച്ച നിർദേശ പ്രകാരം 4 മണിക്ക് ശേഷം എങ്ങനെ ഇതുപോലുള്ള സ്ഥലങ്ങളിൽ എത്തി എങ്ങനെ കണക്കെടുപ്പ് നടത്തും എന്നതാണ് സെൻസസിന് നിയോഗിക്കപ്പെട്ട പ്രീതി ടീച്ചറുടെ ചോദ്യം.

ഒരു മണിക്കൂറോളം ഒരു വീടിൻ്റെ കണക്കെടുപ്പിന് ആവശ്യമായി വരും. മൊബൈൽ ഫോൺ ഉപയോഗിക്കാൻ റേഞ്ച് നോക്കി നടക്കണം. ലാപ്ടോപ് ഉപയോഗിക്കാൻ ഒന്ന് ചാർജ് ചെയ്യേണ്ടി വന്നാൽ മിക്കപ്പോഴും വൈദ്യുതി ഉണ്ടാകില്ല. ഒരു വീട് കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക് ഒരു കിലോമീറ്ററിൽ ഏറെയൊക്കെ ദൂരം കാണുമെന്നും അധ്യാപിക പറയുന്നു. ഇതൊന്നും കൂടാതെ സ്കൂളിലെ ക്ലാസുകൾ ഒഴിവാക്കരുത് എന്ന നിർദേശവുമുണ്ട്.

SCROLL FOR NEXT