ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന പ്രദേശം Source: District Information Office Wayanad/ Facebook
KERALA

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്യാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമില്ല; കേന്ദ്രം ഹൈക്കോടതിയില്‍

779 ദുരന്ത ബാധിതര്‍ക്കായി 46 ബാങ്കുകളില്‍ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കൈകഴുകി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ എഴുതിത്തള്ളണമെന്ന് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാര്‍ച്ചില്‍ ഒഴിവാക്കിയിരുന്നു എന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കേന്ദ്രത്തിന്റെ മറുപടി.

779 ദുരന്ത ബാധിതര്‍ക്കായി 46 ബാങ്കുകളില്‍ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. കോടതി ഇടപെടലില്‍ ആശ്വാസണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.

73 പേര്‍ ഭവന വായ്പയും, 136 പേര്‍ വാഹന വായ്പയും, 214 പേര്‍ സ്വര്‍ണ വായ്പയുമാണെടുത്തത്. 123 സ്വകാര്യ വായ്പകളും 23 കാര്‍ഷിക വായ്പകളും ദുരന്ത ബാധിതര്‍ക്കുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍.

തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്നവരാണ് ഭൂരിഭാഗം പേരും. വാടകയുടെ അധിക തുക പോലും സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് കൊടുക്കേണ്ട അവസ്ഥയാണ്. പലരോടും പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്.

നേരത്തെ കേരള ബാങ്ക് ദുരന്ത ബാധിതരുടെ 3.85 കോടിയോളം രൂപ എഴുതിത്തള്ളിയിരുന്നു. കട ബാധ്യത തുടരുന്നത് സിബില്‍ സ്‌കോറിനെ ബാധിക്കുമെന്നും പിന്നീട് വായ്പയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാകുമോയെന്നും ദുരന്ത ബാധിതര്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതി വിഷയത്തില്‍ കൃത്യമായി ഇടപെടുന്നത് മാത്രമാണ് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം.

SCROLL FOR NEXT