KERALA

ചാക്കയില്‍ രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 65 വര്‍ഷം തടവ്

പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചാക്കയില്‍ രണ്ട് വയസുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 65 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. തിരുവനന്തപുരം വര്‍ക്കല ഇടവ സ്വദേശി ഹസന്‍കുട്ടിക്കാണ് 65 വര്‍ഷം ശിക്ഷയും 1.20 ലക്ഷം രൂപ പിഴയും വിധിച്ചത്.

രണ്ട് പോക്സോ വകുപ്പുകളിലായി 44 വർഷം കഠിന തടവ്, വധശ്രമത്തിന് 10 വർഷം, തട്ടിക്കൊണ്ടുപോകലിൽ 10 വർഷം, ലൈംഗികമായി ആക്രമിച്ചതിന് ഒരു വർഷം എന്നിങ്ങനെ 65 വർഷം കഠിന തടവാണ് പ്രതി ഹസ്സൻകുട്ടിക്ക് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ പിഴയും വിധിച്ചു.മുൻപ് പോക്സോ കേസിൽ ഉൾപ്പെട്ട പ്രതിയുടെ മുൻകാല പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ശിക്ഷാവിധി. 11 കാരിയെ ലൈംഗികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22 ന്  പുറത്തിറങ്ങിയ ശേഷമാണ് രണ്ട് വയസുള്ള കുഞ്ഞിന് നേരെയും അതിക്രമം കാട്ടിയത്.

2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചത്. ഹൈദരാബാദ് സ്വദേശിയായ രണ്ട് വയസുള്ള പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

പിന്നാലെ കുട്ടി മരിച്ചെന്ന് കരുതി റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. രാത്രിയോടെയാണ് കുട്ടിയെ പൊന്തക്കാട്ടില്‍ നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞ ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നീട് പളനിയിലും പോയി രൂപമാറ്റം വരുത്തി. കൊല്ലത്ത് നിന്നുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു. ഹസന്‍കുട്ടി നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണ്.

SCROLL FOR NEXT