തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്നും രണ്ടു കിലോ സ്വർണം കവർന്ന കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. നിലവിൽ കസ്റ്റഡിയിലുള്ള ആറ് പേർക്ക് പുറമേ മോഷണത്തിൽ ഗൂഢാലോചനയിൽ പങ്കുള്ള ആളുകളെ പറ്റി സൂചന ലഭിച്ചതായാണ് വിവരം.
മഹാരാഷ്ട്ര സ്വദേശിയുടെ കൊട്ടേഷൻ പ്രകാരം നടത്തിയ മോഷണത്തിൽ നഗരത്തിലെ മറ്റ് സ്വർണ്ണ വ്യാപാരികളും ഏജൻ്റു മാരും സംശയത്തിൻ്റെ നിഴലിലാണ്. ഇന്നലെ പിടികൂടിയ ആറു പേരിൽ രണ്ടുപേർ മാത്രമാണ് മോഷണത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. ബാക്കിയുള്ളവർ മോഷണത്തിൻ്റെ ഗൂഢാലോചനയുടെ ഭാഗമായി പങ്കെടുത്തിട്ടുള്ളവരാണ്. നിലവിൽ ഫോർട്ട് പോലീസിൻ്റെ കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരെ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്നും ഗൂഢാലോചനയുടെ കൂടുതൽ നിർണായക വിവരങ്ങൾ ലഭ്യമാകും എന്നാണ് അന്വേഷണസംഘം കരുതുന്നത്.
വ്യാഴാഴ്ച രാത്രി 10.30-ഓടെ ചാലയിലെ വൈഷ്ണവി ജ്വല്ലേഴ്സ് അടച്ച ശേഷം സ്വർണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉടമ നന്ദകുമാറിനെ സഭാപതി കോവിൽ സ്ട്രീറ്റിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിർത്തി ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 2.60 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൃത്യമായ ബില്ലുകളില്ലാത്തതിനാൽ 15 പവൻ സ്വർണമാണ് നഷ്ടമായതെന്ന് ഉടമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കേസിൽ ദുരൂഹത വർധിപ്പിച്ചിരുന്നു.