കണ്ണൂർ: ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ. കണ്ണൂർ എഡിഷനിലെ ഇന്നത്തെ ജന്മഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചു വന്നത്. സാദിഖലി ശിഹാബ് തങ്ങളുടെയും എം. കെ. മുനീറിൻ്റെയും ലേഖനങ്ങളും ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി. എം. മനോജ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മനോജിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അബദ്ധങ്ങൾ സ്വാഭാവികമാണ്. ഒരേ പ്രസ്സിൽ നിന്ന് രണ്ടു പത്രം അച്ചടിക്കുമ്പോൾ ജീവനക്കാർക്ക് അബദ്ധം പറ്റി പരസ്പരം പേജുകൾ മാറിപ്പോകുന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല.
കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിൽ എഡിറ്റോറിയൽ പേജ് ചന്ദ്രികയുടേതാണ്. ബാക്കി എല്ലാ പേജും ജന്മഭൂമിയുടേതും.
ഒരു അബദ്ധം എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാൻ ഇരു പത്രങ്ങൾക്കും പറ്റും.അത് അവർ ചെയ്യട്ടെ.
അതല്ല ഞാൻ പറയുന്നത്.ചന്ദ്രിക ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മുഖപത്രമാണ്.ജന്മഭൂമി ബിജെപിയുടേതും.ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരിക.
ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയൽ പേജിൽ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതം.അതായത് ചന്ദ്രികയുടെ എഡിറ്റോറിയൽ പോളിസി ബിജെപിക്ക് പരിപൂർണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നർത്ഥം!
ഇതിനെയല്ലേ അന്തർധാര, അന്തർധാര എന്ന് പറയുന്നത്?