ചെന്താമര  Source: News Malayalam 24x7
KERALA

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരൻ; "തൂക്കിക്കൊല്ലാൻ വിധിക്കൂ"വെന്ന് ചെന്താമര കോടതിയിൽ

കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 15ന്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പറഞ്ഞത്. കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 15ന്. കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. എന്താണ് പറയാനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര മറുപടി നൽകി. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തത് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയാണ് ഏക പ്രതി.

അതേസമയം, ചെന്താമരയ്ക്ക് വധശിക്ഷ നൽകണം എന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പ്രതിക്ക് ആരെയും ഭയമില്ലെന്നും മകൾ. കോടതിക്ക് മുമ്പിൽ മക്കൾ പൊട്ടിക്കരിഞ്ഞു. സുധാകരന്റെ മക്കൾക്ക് സർക്കാർ ജോലി നൽകണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നാണ് ചെന്താമര വെട്ടിക്കൊന്നത്. കുറ്റകൃത്യം നടന്ന ഒന്നര വർഷമാകുമ്പോഴാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ ചെന്താമരയ്ക്ക് എതിരെ തെളിഞ്ഞു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയേയും വഴിയിലിട്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ആശുപത്രിയിൽ മരിച്ചു. ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ട് ദിവസത്തിന് ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് 25ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതിൽ നാല് പേർ കൂറുമാറി. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കോടതിക്ക് മുന്നിൽ വന്നു.

ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. കുടുംബത്തെ തനിക്കെതിരാക്കിയതിൽ സുധാകരനും കുടുംബത്തിനും പങ്കുണ്ടെന്ന് കരുതിയുള്ള പകയിലാണ് ചെന്താമര രണ്ട് തവണയായി മൂന്ന് പേരെ കൊന്നത്.

SCROLL FOR NEXT