കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ നീതി കിട്ടുംവരെ നിരാഹാര സമരം തുടരുമെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഭദ്ര കീര്‍ത്തി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കും. തട്ടുകടക്കാരനായത് കൊണ്ടാണോ തന്റെ പിതാവിനോട് വിവേചനമെന്നും ജയബാലകൃഷ്ണന്റെ മകള്‍ ചോദിച്ചു. അച്ഛന് നീതി കിട്ടായാൽ മാത്രമേ താൻ അവസാനിപ്പിക്കുകയുള്ളൂവെന്നും മകൾ വ്യക്തമാക്കി. അപകടത്തില്‍ പ്രതിയായ പതിനേഴുകാരന് ജാമ്യം ലഭിച്ചതില്‍ കുടുംബത്തിന്റെ പ്രതിഷേധം തുടരുകയാണ്. ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട് ശ്രമിച്ചുവെന്നാരോപിച്ച് രാത്രി വൈകിയും കുടുംബം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
അതേസമയം, പതിനേഴുകാരന്‍ വാഹനവുമായി സ്ഥിരം പുറത്തിറങ്ങാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വാഹനം അതിവേഗത്തിലോടിച്ച് റീലെടുക്കുന്നതും പതിവാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമായിരിക്കും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുന്നത്.
ജഡ്ജിക്കെതിരെ കേസെടുക്കാത്തതില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് ഉച്ചയോടെ ജയബാലകൃഷ്ണന്റെ കുടുംബം സമരം ആരംഭിക്കാനിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പതിനേഴുകാരന് ജാമ്യം അനുവദിച്ചത്. പ്രതി സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ, അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉള്‍പ്പടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ അപ്രിഹെന്‍ഡ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ പൊലീസ് ഹാജരാക്കിയത്. അവിടേയും ജാമ്യം ലഭിക്കുകയായിരുന്നു.