KERALA

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജിക്ക് ഗുരുതര വീഴ്ച; അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ പോയത് അനുമതി തേടാതെയെന്ന് റിപ്പോർട്ട്

പൊലീസ് സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടത്തിന് പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്ന് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

പൊലീസ് സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും.

ജില്ലാ ജഡ്ജ് പോയത് വീഴ്ച തന്നെയാണെന്നാണ് ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതിയായ 17കാരനെ ജയിലില്‍ എത്തിക്കുമ്പോള്‍ ജഡ്ജി അവിടെ ഉണ്ടായിരുന്നുവെന്ന് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

ജഡ്ജിയോടൊപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചപ്പോള്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അതിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ജഡ്ജി ഔദ്യോഗിക ആവശ്യത്തിനല്ല പൊലീസ് സ്റ്റേഷനില്‍ പോയതെന്നും റിപ്പോര്‍ട്ടില്‍. ജഡ്ജിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവയ്ക്കുന്നു.

SCROLL FOR NEXT