KERALA

ആദ്യം നീതി, എന്നിട്ടല്ലേ ചായ, കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ നടപടിയെടുക്കട്ടെ; ബിജെപിക്ക് മുന്നറിയിപ്പുമായി ക്ലീമിസ് ബാവ

''കന്യാസ്ത്രീമാരുടെ ഇപ്പോള്‍ ജയിലിലാണ്. അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഇതൊരു മാനദണ്ഡമായിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനി കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്''

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യം ഒന്നാകെ ഗൗരവത്തോടെ കാണേണ്ട വിഷയമായി മാറിയെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ. എംപിമാര്‍ കന്യാസ്ത്രീകളെ കണ്ടത് ആശ്വാസകരമാണെന്നും ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പറഞ്ഞ ക്ലിമിസ് ബാവ ബിജെപിക്ക് മുന്നറയിപ്പ് നല്‍കുകയും ചെയ്തു.

നീതി ലഭിക്കാതെ വന്നാല്‍ ബിജെപിക്കാരുമായി പിന്നെ ചങ്ങാത്തത്തിനൊന്നുമില്ലെന്നും. ഇതൊരു മാനദണ്ഡമായി കണക്കാക്കുമെന്നും അടുത്ത നടപടികളുടെ പേരില്‍ ആയിരിക്കും ഇനി നിലപാടുകള്‍ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

'കന്യാസ്ത്രീമാരുടെ ഇപ്പോള്‍ ജയിലിലാണ്. അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഇതൊരു മാനദണ്ഡമായിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. തീര്‍ച്ചയായും ഇവര്‍ക്ക് ലഭിക്കേണ്ട നീതി ലഭിക്കാതെ വരുമ്പോള്‍ പിന്നെ എന്ത് ചങ്ങാത്തം? പിന്നെ എങ്ങനെയായിരിക്കും സാഹോദര്യത്തിന്റെ പൂര്‍ണത പറയാന്‍ കഴിയുക. പറയുന്നത് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തിക്കുന്നതില്‍ ആത്മാര്‍ഥത പ്രകടമാക്കുക. ഇതാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. കന്യാസ്ത്രീമാര്‍ക്ക് നീതി ലഭിക്കണം. അതാണ് ഏറ്റവും വലിയ ആശങ്ക. ആദ്യം നീതി എന്നിട്ടല്ലേ ചായ,' അദ്ദേഹം പറഞ്ഞു.

സഭയുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് മന്ത്രി വി.ശിവന്‍കുട്ടി. ദൂരെ നിന്നു മാത്രം സംസാരിക്കുന്ന ആളല്ല ശിവന്‍കുട്ടി. ശിവന്‍കുട്ടിയുടെ നല്ല മനസ്സിന് നന്ദി പറയുന്നുവെന്നും എംപിമാര്‍ കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചത് ആശ്വാസകരമാണെന്നും ബസേലിയോസ് ക്ലിമീസ് ബാവ പ്രതികരിച്ചു.

'ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാന്‍. എല്ലാവരും ചേര്‍ന്നു നില്‍ക്കേണ്ട സമയം. രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി ഛത്തീസ്ഗഡിലേതു മാറി. ക്രിസ്ത്യാനികളുടെത് എന്നത് എന്നനിലയില്‍ അല്ലാ കാണേണ്ടത്. അവര്‍ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം ഞങ്ങള്‍ക്കുണ്ട്. ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാന്‍. എല്ലാവരും ചേര്‍ന്നു നില്‍ക്കേണ്ട സമയം. ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ട സമയം,' ക്ലീമിസ് ബാവ പറഞ്ഞു.

SCROLL FOR NEXT