Source: freepik
KERALA

കിലോയ്ക്ക് 300 രൂപ വരെ! സംസ്ഥാനത്ത് പറന്നുയർന്ന് കോഴിയിറച്ചി വില

ഇറച്ചിക്ക് വില വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ

Author : ലിൻ്റു ഗീത

കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ കുതിച്ചുയരുകയാണ് കോഴിവില. ഒരു കിലോ കോഴിയിറച്ചിക്ക് 250 മുതല്‍ 300 രൂപ വരെയാണ് വില. കോഴിയിറച്ചിയുടെ വില 280 കടന്നതോടെ വലിയ പ്രതിസന്ധിയാണ് വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറച്ചിക്ക് വില വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ.

രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 290 ആയി ഉയർന്നു. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. സ്പ്രിങിന് കിലോയ്ക്ക് 340 രൂപയായി വര്‍ധിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍, ആഘോഷങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയിൽ ലാഭത്തിൽ വിട്ടുവീഴ്ച്ച ചെയ്താണ് പലരും കച്ചവടം നടത്തുന്നത്. 280 കടന്നെങ്കിലും വ്യാപാരികളിൽ പലരും 250 രൂപയ്ക്കാണ് കോഴിയിറച്ചി വിൽക്കുന്നത്. അതേസമയം ചിക്കൻ വിഭവങ്ങളുടെ വില വർധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോൾ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ. കുത്തനെയുള്ള ഈ വില വർധനയിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചിക്കൻ വ്യാപാരികൾ.

SCROLL FOR NEXT