KERALA

"നല്ലകാര്യം ചെയ്താൽ അത് അം​ഗീകരിക്കാൻ ചിലർക്ക് പ്രയാസം"; ന്യൂ പാളയം മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

നല്ല മാതൃക പിന്തുടരാൻ ഉള്ള പ്രചോദനമായി ന്യൂ പാളയം മാർക്കറ്റ് മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും എല്ലാവരുടെയും അനുമതിയോടെയും മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പബ്ലിക്ക് പ്രൈവറ്റ് പാർട്ടനർഷിപ്പിലാണ് മാർക്കറ്റ് എന്നതാണ് ഇതിൻ്റെ പ്രത്യേകത. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. എല്ലാവർക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിത്. വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

"വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നു എന്നതാണ് ഇവിടെ കാണേണ്ടത്. എന്നാൽ നല്ലകാര്യം ചെയ്താൽ അത് അം​ഗീകരിക്കാൻ ചിലർക്ക് പ്രയാസമാണ്. അത് തെറ്റാണ് ചിന്തിക്കുന്ന തരത്തിൽ ചിലരുണ്ട്. നല്ലകാര്യം ചെയ്യുമ്പോൾ എല്ലാവരും ഒത്തുചേരണം. എന്നാൽ ഞങ്ങളില്ലെന്ന് ചിലർ നേരത്തെ പറയും. പക്ഷേ കാര്യങ്ങൾ എല്ലാവർക്കും മനസിലായി തുടങ്ങി. ഞങ്ങളില്ല എന്ന് പറഞ്ഞവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നല്ല കാര്യത്തെ തള്ളി പറയുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് അറിയില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പദ്ധതി അല്ലല്ലോ", മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് വരുമ്പോൾ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരം നടക്കും. മത്സരം കഴിയുന്നതോടെ ആരാണ് ഭരണ നേതൃത്വത്തിൽ വരുന്നത് എന്ന് നോക്കി അംഗീകരിക്കും. തെരഞ്ഞെടുത്തു കഴിഞ്ഞു വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടവരും വിജയിച്ചവരും താൽപര്യം കാണിക്കേണ്ടതല്ലേ. പ്രശ്നങ്ങൾ ഉണ്ടായാൽ പ്രതിപക്ഷം വിമർശിക്കണം. പാർലമെൻ്റ്റി നടപടിക്രമത്തിന്റെ രീതിയാണ്. നിങ്ങൾ പ്രതിപക്ഷമാണ് എന്നുള്ളതുകൊണ്ട് എല്ലാ കാര്യത്തിനും എതിർക്കാനാണോ ശ്രമിക്കേണ്ടത്? നിർഭാഗ്യവശാൻ കേരളത്തിൽ ഈ പ്രവണത ശക്തിപ്പെട്ടവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൺമുന്നിലുള്ള നേട്ടങ്ങളും പുരോഗതിയും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രതിപക്ഷം. എന്നാൽ നേട്ടങ്ങൾ നാട് കാണുന്നുണ്ട്. തങ്ങൾക്ക് നേട്ടമുണ്ടായിട്ടില്ലെന്നാണ് പറയുന്നതെങ്കിൽ അത് ശരിയായിരിക്കും. ഏതെങ്കിലും പ്രത്യേക ആളുകൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയല്ല നാടിനു വേണ്ടിയാണ് ഭരണസംവിധാനം. തങ്ങൾക്ക് സ്വാർത്ഥലാഭം ഉണ്ടാക്കാൻ കഴിയുന്നില്ല. എന്ന ചിന്തയാണ് അതിന് പിന്നിൽ. പക്ഷേ ബഹുജനങ്ങൾ കാര്യങ്ങൾ നല്ല രീതിയിൽ തിരിച്ചറിയുന്നു എന്നത് സന്തോഷകരമാണ്. ഈ കാര്യങ്ങളിൽ എതിർക്കുന്നവരെ ബഹുജനങ്ങൾ മനസിലാക്കുക എന്നത് മാത്രമാണ് കാര്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ന്യൂ പാളയം മാർക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ സ്വീകരിക്കാവുന്ന തുടരാവുന്ന ഒരു പദ്ധതിയുടെ രീതിയാണ് ഇത്. സ്വകാര്യപങ്കാളിത്തം വരുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ കയ്യിലുള്ള പണം ഒരു പൊതുവായ ആവശ്യത്തിന് വിനിയോഗിക്കുമ്പോൾ ഒരു നിക്ഷേപം വരുമ്പോൾ ഒരു പദ്ധതിയായി നടപ്പിലാക്കപ്പെടുമ്പോൾ അതിൻ്റെ ഭാഗമായി ഗുണമനുഭവിക്കുന്നവർ നിരവധി പേരാണ്. കയ്യിലുള്ള പണം ബാങ്കിൽ കിടന്നാൽ ഇത്തരം സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാവില്ല. ഈ പദ്ധതി നല്ല മാതൃകയാണ്. ആ നല്ല മാതൃക പിന്തുടരാൻ ഉള്ള പ്രചോദനമായി ഈ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT