കണ്ണൂർ: എൽഡിഎഫിന്റെ തുടർഭരണം ജനങ്ങളെ നിരാശരാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്ര ചെയ്യേണ്ട ശരിയായ വഴിയിൽ തന്നെയാണ് യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"നമ്മുടെ നാട് 2016ൽ എങ്ങനെയെന്ന് ആദ്യം ആലോചിക്കണം. വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവുമെല്ലാം തകർന്നുകിടന്ന കാലമായിരുന്നു അത്. വിദ്യാഭ്യാസ രംഗം പാടെ തകർന്നുപോകുന്ന അവസ്ഥയിലായിരുന്നു അന്ന്. ആയിരക്കണക്കിന് സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. അഞ്ച് ലക്ഷത്തോളം കുട്ടികൾ കൊഴിഞ്ഞു പോയ അവസ്ഥയിലായിരുന്നു. പാഠപുസ്തകങ്ങൾ പോലും കിട്ടിയില്ല.
എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഇനി ഇതൊന്നും നന്നാകാൻ പോകുന്നില്ല എന്ന ചിന്തയ്ക്കാണ് മാറ്റം വന്നത്. അത് മുന്നണിമാറ്റത്തിന്റെ ഭാഗമായി മാത്രം ഉണ്ടായതല്ല. അതിന് നാടിനോട് പ്രതിബദ്ധത കൂടിയുള്ള ഒരുമുന്നണി അധികാരത്തിൽ വന്നാൽ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയു. അതുകൊണ്ടാണ് 5000 കോടി രൂപ ചെലവാക്കി വിദ്യാഭ്യാസ രംഗം ശക്തമാക്കിയത്. അതോടെ അക്കാദമിക് മികവ് കൂടി. രാജ്യത്ത് തന്നെ ഏറ്റവും നല്ല പൊതുവിദ്യാഭ്യാസമുള്ളത് കേരളത്തിലാണ്" മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഇതെല്ലാം ചെയ്യാൻ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയത് കൊണ്ടാണ് ചരിത്രം തിരുത്തി 2021ൽ എൽഡിഎഫ് സർക്കാരിനെ വീണ്ടും ജനങ്ങൾ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജനങ്ങളെ നിരാശരാക്കിയില്ല. യാത്ര ചെയ്യേണ്ട ശരിയായ വഴിയിൽ തന്നെയാണ് സർക്കാർ യാത്ര ചെയ്തത്. വീണ്ടും മുഖ്യമന്ത്രി ആകുമോ എന്നത് തെരഞ്ഞെടുപ്പിന് ശേഷം അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നും അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.