KERALA

"ഞങ്ങൾ വിശ്വാസികൾ അല്ല, വിശ്വാസങ്ങൾ തകർന്നുപോകട്ടെ എന്ന് ചിന്തിക്കുന്നവരുമല്ല; ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് നിലപാട് മാറ്റമില്ല"

ആഗോള അയ്യപ്പ സംഗമം സർക്കാർ ആവിഷ്കരിച്ച പദ്ധതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് നിലപാട് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോഴും മുൻനിലപാടിൽ തന്നെയാണ്. വിശ്വാസ പ്രശ്നത്തിൽ പണ്ഡിതരുടെ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് എന്നത്തെയും നിലപാട്. സുപ്രീം കോടതിയിൽ മറുപടി നൽകിയത് ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ്. വിശ്വാസികൾ അല്ലെന്ന് കരുതി തങ്ങൾ വിശ്വാസങ്ങൾ തകർന്ന് പോകട്ടെ എന്ന് ചിന്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"യഥാർഥ വിശ്വാസികളെ നമ്മൾ നല്ല രീതിയിൽ കാണണം. എന്നാൽ വിശ്വാസത്തിന്റെ മറവിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. വർ​ഗീയ ശക്തികൾ പലപ്പോഴും തെറ്റുദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെയാണ്. എന്നാൽ വർ​ഗീയ ശക്തികൾ എപ്പോഴും അപരമത വർ​ഗീയതയാണ് ഉയർത്തുന്നത്. അവിടെ മറ്റ് വിശ്വാസികളെയാണ് ശത്രുക്കളായി കാണുന്നത്. വർ​ഗീയതയുടെ ഭാ​ഗമായാണ് അവിടെ നിലപാട് എടുക്കുന്നത്. ഞങ്ങൾ വിശ്വാസികൾ അല്ല. എന്നാൽ വിശ്വാസങ്ങൾ തകർന്നുപോകട്ടെ എന്ന് ചിന്തിക്കുന്നവരല്ല. വിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് എൽഡിഎഫ് നിലകൊണ്ടത്", മുഖ്യമന്ത്രിയുടെ വാക്കുകൾ.

ആഗോള അയ്യപ്പ സംഗമം സർക്കാർ ആവിഷ്കരിച്ച പദ്ധതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിയാണ്. അതിന് വലിയ സ്വീകാര്യത ഉണ്ടായി. അത് കുറച്ചു കാണേണ്ട ആവിശ്യമില്ല. എന്തിനെയും രാഷ്ട്രീയമായി വാക്രീകരിച്ച് കാണുന്ന പ്രതിപക്ഷം അതിനെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഒരുകൂട്ടർ ബദൽ അയ്യപ്പസംഗമം നടത്തി. അത് പൊളിഞ്ഞത് നമ്മൾ കണ്ടതാണെന്നും മുഖ്യമന്ത്രി ക്രോസ് ഫയറിൽ പറ‍ഞ്ഞു.

"എൽഡിഎഫിനെതിരെ ഏതൊക്കെ രീതിയിൽ പ്രചരണം നടത്താൻ കഴിയുമെന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. 2021ൽ കേരളമാകെ ഒറ്റപ്പെട്ടു എന്ന തരത്തിലും പ്രചരണം നടത്തി. എന്നാൽ ആ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സ്വാഭാവികമായ കാര്യമാണ്. ജനങ്ങൾ ഏതെങ്കിലും തരത്തിൽ ഒരു കൂട്ടരുടെ ആളുകളായി നിൽക്കുന്നവരല്ല. എല്ലാ സീറ്റിലും ഞങ്ങൾ അല്ലല്ലോ ജയിക്കുന്നത്. അവിടെ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയാവുക. ജനങ്ങൾ അതിൽ നിലപാട് സ്വീകരിക്കും. എന്നാൽ അസംബ്ലി തെഞ്ഞെടുപ്പിൽ അതാകില്ല അവസ്ഥ. ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്", മുഖ്യമന്ത്രിയുടെ വാക്കുകൾ.

SCROLL FOR NEXT