മുഖ്യമന്ത്രി പിണറായി വിജയൻ Source; Social Media
KERALA

കേന്ദ്രത്തിന് അരോചകമാണ് കേരളം; അതൊന്നും ബാധിക്കാതെയാണ് സര്‍ക്കാര്‍ നാളിതുവരെ നാടിനെ കൊണ്ടുപോയത്: മുഖ്യമന്ത്രി

സംസ്ഥാന ഭരണഭരണത്തെ കുറ്റപ്പെടുത്താനാണ് യുഡിഎഫും കോൺഗ്രസും എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുടവൻമുകൾ-സത്യൻ നഗർ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ മതനിരപേക്ഷ സമൂഹം ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാൻ തയ്യാറാകാത്തതിന്റെ പകയാണ് കേന്ദ്രം ഭരിക്കുന്നവർ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവർക്ക് അരോചകമാണ് കേരളം. അതുകൊണ്ടാണ് കേരളത്തിന്റെ വികസനത്തോടും നിലപാടുകളോടും ബിജെപി മുഖം തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന പകയും അവഗണനയുമെല്ലാം അതിജീവിച്ച് നാട് മുന്നോട്ട് പോകും. കേന്ദ്രത്തിന് കേരളത്തിനോടുള്ളത് പകയും വിദ്വേഷവും മാത്രമാണ്. കേന്ദ്രത്തിനെതിരെ അരയക്ഷരം മിണ്ടാൻ കേരളത്തിലെ പാർലമെൻ്റ് അംഗങ്ങൾ തയ്യാറാകുന്നില്ല. സംസ്ഥാന ഭരണഭരണത്തെ കുറ്റപ്പെടുത്താനാണ് യുഡിഎഫും കോൺഗ്രസും എപ്പോഴും ശ്രമിക്കുന്നത്. അർഹമായ സാമ്പത്തിക സഹായം പോലും കേന്ദ്രം നൽകുന്നില്ല. അതൊന്നും ബാധിക്കാതെയാണ് സര്‍ക്കാര്‍ നാളിതുവരെ നാടിനെ കൊണ്ടുപോയത്", മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുടവൻമുകൾ-സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ നാടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം നാടിന് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടൻ സത്യന്റെയും നടൻ മോഹൻലാലിന്റെയും രണ്ട് കാലഘട്ടങ്ങളെ കൂട്ടിമുട്ടിക്കുന്ന പാലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി പറഞ്ഞു. 2021ൽ എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ തുടർഭരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും അതിലൊന്നാണ് ഈ പാലമെന്നും പിണറായി വ്യക്തമാക്കി. അഞ്ച് വ‍ർഷത്തെ ഭരണം കേരളത്തിന് സമാനതകളില്ലാത്ത വികസനത്തിന്‍റെ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT