കർക്കടകത്തിന്റെ വറുതിയിൽ നിന്നും വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും പുതുവർഷാരംഭം. ഇത്തവണ ചിങ്ങത്തിന് മുൻപേ അത്തം പിറന്നു. അതുകൊണ്ടുതന്നെ ഇരട്ടി ആവേശത്തിലേക്കാണ് കേരളം ചിങ്ങപ്പിറവിയെ വരവേൽക്കുന്നത്.
ചിങ്ങം കൊയ്ത്തു കാലമാണ്. എന്നാൽ പലയിടങ്ങളിലും പാടങ്ങളിൽ നെൽക്കതിരുകൾ നാമ്പിട്ടതേയുള്ളു. കാലാവസ്ഥാ വ്യതിയാനം എല്ലാം മാറ്റിമറിക്കുകയാണ്. കാലം തെറ്റി, കലിതുള്ളിയെത്തിയ മഴ ഇടയ്ക്കൊന്ന് പേടിപ്പെടുത്തി അതുകൊണ്ട് കൃഷി അല്‍പ്പമൊന്ന് താമസിച്ചതിന്റെ പരിഭവമുണ്ട് കർഷകർക്ക്. എങ്കിലും ചിങ്ങം എന്നും മലയാളികൾക്ക് പ്രതീക്ഷകളുടെ തുടക്കമാണ്.
കാർഷിക ഉത്സവമായ ഓണത്തെ വരവേൽക്കാനും മലയാളി ഒരുങ്ങിക്കഴിഞ്ഞു.ചിങ്ങത്തിന് മുൻപേ അത്തം എത്തിയതോടെ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങളും വിരിഞ്ഞുതുടങ്ങി. ഇക്കൊല്ലം അത്തം കഴിഞ്ഞ് പതിനൊന്നാം നാളാണ് തിരുവോണം.
ഗൃഹാതുരതയുടെ ഓർമ്മപുതുക്കലാണ് ഓരോ ഓണവും. തിരുവാതിരപ്പാട്ടിന്റെ താളവും, കുമ്മാട്ടിയും, പുലികളിയും, ആവേശക്കാറ്റീറുന്ന വള്ളംകളിയുമായി നാടാകെ ഇനി ഉത്സവലഹരിയിൽ.
പ്രകൃതി ദുരന്തങ്ങൾ ഏൽപ്പിച്ച വലിയ ആഘാതങ്ങളിൽ നിന്ന് കരകയറുന്ന ഓരോ മലയാളിക്കും, ഈ പുതുവർഷം നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസമാണ്.