KERALA

വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല! അവ​ഗണനയിൽ കൂട്ട പലായനത്തിനൊരുങ്ങി ആസിഡ് ഗ്രാമം എന്നറിയപ്പെടുന്ന ചിറ്റൂരിലെ നിവാസികൾ

പ്രദേശത്തെ ഭൂരിപക്ഷം ആളുകളും ചർമരോഗങ്ങളും അർബുദവും പിടിപെട്ട് ചികിത്സയിൽ കഴിയുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കെഎംഎംഎല്ലിൽ നിന്നുള്ള മലിനജലത്താൽ ദുരിതമനുഭവിക്കുന്ന ചിറ്റൂർ നിവാസികളുടെ ദുരിതത്തിന് അറുതിയില്ല. ആസിഡ് ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്തെ ഭൂരിപക്ഷം ആളുകളും ചർമരോഗങ്ങളും അർബുദവും പിടിപെട്ട് ചികിത്സയിൽ കഴിയുകയാണ്. ചിറ്റൂർ ഗ്രാമം കെഎംഎംഎൽ ഏറ്റെടുക്കുമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

മണ്ണിനും വയലിനും, വീടിനുചുറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിന് പോലും ആസിഡ് കലർന്ന കടും മഞ്ഞനിറമുള്ള ഗ്രാമമാണു ചിറ്റൂർ. വീടും നാടും ഉപേക്ഷിച്ചു പലായനത്തിനൊരുങ്ങുന്ന എഴുനൂറോളം കുടുംബങ്ങളുടെ ദുരിതത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. കരിമണൽ സംസ്കരണ സ്ഥാപനമായ കെഎംഎംഎലിന്റെ ഭൂമിക്കടിയിലെ സംഭരണിയിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ അയേൺ ഓക്സൈഡ് ചോർന്നതോടെ ചിറ്റൂരിൽ ആസിഡിന്റെ അമ്ലത നിറയുകയായിരുന്നു.

ഇതൊടെ ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, കാന്‍സര്‍ എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, കുളിക്കാനോ, കുടിക്കാനോ വെള്ളം ലഭിക്കാത്ത ജനതയാണ് ഇവിടുത്തേത്. ചിറ്റൂർ മേഖലയിലെ പ്രദേശങ്ങൾ വിലയ്ക്കു വാങ്ങുന്നതിനു കെഎംഎംഎൽ കമ്പനി സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. ചിറ്റൂരിലെ ഭൂമിക്ക് ചരമ ഗീതം എഴുതപ്പെട്ടു. ഈ ഗ്രാമം നീതിക്കായ് കേഴുകയാണ്. കെഎംഎംഎല്ലിൽ നിന്ന് ഒഴുകി വരുന്ന ആസിഡ് വെള്ളത്തിനൊപ്പം ഇവിടെ ഒഴുകി പരന്ന് കിടക്കുന്നത് ഈ ഗ്രാമവാസികളുടെ കണ്ണുനീര് കൂടിയാണ് പലായനത്തിനായുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്.

SCROLL FOR NEXT