KERALA

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർ പ്രതിസന്ധിയിൽ; 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മുടങ്ങിയിട്ട് മൂന്ന് മാസം

മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നാണ് അധികൃതരുടെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

വയനാട്: ഭക്ഷ്യ കൂപ്പണുകൾ മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ചൂരൽമല-മുണ്ടകൈ ഉരുൾദുരന്തബാധിതർ. 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

സർവതും ഉരുൾ എടുത്ത ദുരന്തബാധിതർക്ക് സപ്ലൈകോ വഴി പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകളാണ് നൽകിയിരുന്നത്. വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഈ കൂപ്പണുകൾ ഏറെ സഹായമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഈ കൂപ്പണുകൾ ലഭിക്കാത്തതിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ദുരന്തബാധിതർ. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് നിറകണ്ണുകളോടെ ദുരന്തബാധിതർ പറയുന്നു.

ദുരന്തത്തിനുശേഷം ആരോഗ്യസ്ഥിതി മോശമായി ജോലി ചെയ്യാൻ പോലും കഴിയാത്തവരും ഇവരിലുണ്ട്. കൂപ്പണുകൾക്കായി ഫണ്ട്‌ മാറ്റിവെച്ചെങ്കിലും ദുരന്തബാധിതരെ സഹായിക്കാനായി നിയമിച്ച മെന്റർമാരെ മാറ്റിയതാണ് ഇത്തരം പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ മെന്റർമാരെ നിയമിച്ചെങ്കിലും ദുരന്തബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.

SCROLL FOR NEXT