KERALA

''മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം''; ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ ഉണ്ടെന്ന് പിതാവ്

കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ലെന്നും പിതാവ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം എന്നും മഹേഷ് പറയുന്നു. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി.

"മകള്‍ക്ക് കൊറിയന്‍ പാട്ടും അവരുടെ രീതികളും ഭാഷയും ഒക്കെ പഠിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. ഇത് മനസിലാക്കി അറിഞ്ഞ ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണ്. ഭാഷ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കൊറിയന്‍ സുഹൃത്തുണ്ടെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അവളുടെ സുഹൃത്തുക്കള്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാലെ നമുക്ക് ഇനി വല്ലതും അറിയാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് ഒന്ന് രണ്ട് സുഹൃത്തുക്കളെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് അറിയണമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു", പിതാവ് പറഞ്ഞു.

ഒരു കുട്ടി ഇതുവരെ വന്ന് കാണാനോ സംസാരിക്കാനോ ഒന്നും തയ്യാറായിട്ടില്ല. അവളുമായിട്ടായിരുന്നു മകള്‍ക്ക് കൂടുതല്‍ അടുപ്പം. അത് ഞങ്ങളെ കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആകാം. ആ കുട്ടി സ്‌കൂളിലും പോകുന്നതായി അറിയില്ലെന്നും പിതാവ് പറയുന്നു.

നേരത്തെ കുട്ടിയുടെ അധ്യാപകനും അങ്ങനെ ഒരു കൊറിയന്‍ സുഹൃത്തില്ലെന്ന് പറഞ്ഞിരുന്നു. കുട്ടിക്ക് സമ്മാനമായി കിട്ടിയത് നാട്ടില്‍ ലഭിക്കുന്ന ലോക്കല്‍ വാച്ചാണ്.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന തരത്തില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു.

SCROLL FOR NEXT