KERALA

"സർക്കാർ തീരുമാനം ആശ്വാസകരമല്ല"; ഭിന്നശേഷി അധ്യാപക സംവരണത്തിൽ അയയാതെ ക്രൈസ്തവ സഭകൾ

സർക്കാർ ഉറപ്പ് നൽകാത്ത കാലത്തോളം ആശങ്കയുണ്ടെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിൽ അയയാതെ ക്രൈസ്തവ സഭകൾ. സർക്കാർ തീരുമാനം ആശ്വാസകരമല്ലെന്നും, കോടതിയിൽ പോയി അനുകൂല നിലപാട് സ്വീകരിക്കുകയല്ല വേണ്ടതെന്നും ക്രൈസ്തവ സഭകൾ വ്യക്തമാക്കി. സർക്കാർ ഉറപ്പ് നൽകാത്ത കാലത്തോളം ആശങ്കയുണ്ടെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ അറിയിച്ചു.

ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് ലഭിച്ച വിധി ബാക്കിയുള്ളവർക്ക് കൂടി ബാധകമാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കണം. ഉത്തരവ് ഇല്ലത്തിടത്തോളം ആശങ്ക തന്നെയാണ് എന്നും മാർത്തോമ മാത്യൂസ് തൃതിയൻ വ്യക്തമാക്കി.

സർക്കാർ മനപ്പൂർവം നീതി വൈകിപ്പിക്കുന്നുവെന്ന് സീറോ മലബാർ സഭ ആരോപിച്ചു. ചർച്ചകൾ വിജയകരം ആകണമെങ്കിൽ ഉത്തരവ് ഇറക്കണം. അല്ലാതെ നിയമവ്യവഹാരവുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല. കോടതിയിൽ പോയി വിധി സമ്പാദിക്കാൻ പറയുന്നത് ശരിയല്ലെന്നും മാർത്തോമ മാത്യൂസ് തൃതിയൻ ചൂണ്ടിക്കാട്ടി.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തില്‍ നിലപാട് കടുപ്പിച്ച കൈസ്തവ സഭകളുമായി സമവായ നീക്കം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷി അധ്യാപക സംവരണത്തില്‍ മാനേജ്മെന്റുകള്‍ക്കെതിരെ, നേരത്തെ കടുത്ത നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ, വിവാദങ്ങള്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സമവായ നീക്കം തുടങ്ങിയത്. 

SCROLL FOR NEXT