കോഴിക്കോട്: പേരമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ്. ഷാഫിയുടെ ആരോപണങ്ങൾ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് താൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണെന്നും താൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.
തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്. സസ്പെൻഷനിലായ താൻ 22 മാസം മുൻപ് സർവീസിൽ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാർത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് വിശദീകരിച്ചു.
പേരാമ്പ്രയിലെ സംഘർഷത്തിൽ പൊലീസ് മർദനം ആസൂത്രിതമാണെന്നാണ് ഷാഫി പറമ്പിൽ എംപി ആരോപിച്ചത്. തന്നെ തല്ലിയത് അഭിലാഷ് ഡേവിഡ് എന്ന വടകര കണ്ട്രോൾ റൂം സിഐആണ്. ഇയാൾ സിപിഐഎം ഗുണ്ടയാണെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചിരുന്നു. അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അഭിലാഷ് ഡേവിഡിൻ്റെ പ്രതികരണം.