ജി. സുധാകരൻ Source; Social Media
KERALA

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നേതൃത്വം; പരസ്യ പ്രതികരണം പാടില്ലെന്ന് നേതാക്കൾക്കും കർശന നിർദേശം

പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.

Author : ന്യൂസ് ഡെസ്ക്

അമ്പലപ്പുഴ: ജി. സുധാകരന്റെ പരസ്യ പ്രതികരങ്ങളിൽ വെട്ടിലായതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐഎം. സുധാകരനെതിരായ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം. സിപിഐഎം വേദികളിൽ സുധാകരൻ്റെ സാന്നിധ്യം ഉറപ്പാക്കാനും നീക്കം. ആലപ്പുഴ ജില്ലാ സെക്രട്ടറി അടക്കം ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി.

കെപിസിസി വേദിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ സൈബർ ആക്രമണം നേരിട്ടത്. പിന്നാലെ ഇതിന് പിന്നിൽ സജി ചെറിയാൻ ആണെന്ന് സുധാകരൻ തുറന്നടിച്ചു, പാർട്ടിക്ക് ഒപ്പം ചേർന്ന് പോകണമെന്ന സജി ചെറിയാന്റെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ആലപ്പുഴയിൽ ജില്ലാ നേതൃത്വവുമായി നിരന്തരം കലഹിക്കുന്ന സുധാകരൻ എച്ച് സലാമിനെയും സജി ചെറിയാനെയും അടക്കം പേരെടുത്ത് വിമർശിച്ച് ഇതാദ്യമായാണ്.

പിന്നാലെ സുധാകരൻ്റെയും ആരോപണങ്ങളെ തള്ളി ജില്ലാ സെക്രട്ടറി ആർ നാസറും എച് സലാമും രംഗത്തെത്തി. എന്നാൽ സുധാകരനെ പിണക്കുന്നത് തെരഞ്ഞെടുപ്പ് അടുക്കേ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തലിന് പിന്നാലെയാണ് അനുനയ നീക്കം. സുധാകരനെതിരെ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകി.

സിപിഐഎം കേന്ദ്ര കമ്മിറ്റിഅംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ എത്തിയാണ് ജി സുധാകരന്റെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയത്. സൈബർ ആക്രമണങ്ങളിൽ പാർട്ടി എടുത്ത നടപടികൾ നേരിട്ട് അറിയിച്ചു.ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചു. ഞാറാഴ്ച കുട്ടനാട് നടക്കുന്ന സിപിഐഎം പൊതു പരിപാടിയിലേക്ക് സുധാകരനും ക്ഷണമുണ്ട്.

ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ തന്നെയാണ് തീരുമാനം. സിപിഐഎം പൊതു പരിപാടിയിൽ പങ്കെടുക്കാൻ സുധാകരൻ സമ്മതം മൂളിയതോടെ വിവാദങ്ങൾക്ക് താത്കാലിക പരിഹാരമായി. ഞാറാഴ്ച നടക്കുന്ന പരിപാടിയിൽ സജി ചെറിയാനും എം. വി. ഗോവിന്ദനുമൊപ്പമാണ് സുധാകരൻ വേദി പങ്കിടുക.

SCROLL FOR NEXT