സി.ജെ. റോയ് Source: FB
KERALA

സി.ജെ. റോയ്: മലയാളിക്ക് സുപരിചിതമായ മുഖം

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യവസായിയായിരുന്നു സി.ജെ. റോയ്...

Author : ന്യൂസ് ഡെസ്ക്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയെന്ന വാർത്തയുടെ നടുക്കത്തിലാണ് മലയാളികൾ. ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെ റോയ് സ്വയം വെടിയുതിര്‍ത്തതാണെന്നാണ് റിപ്പോര്‍ട്ട്.

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യവസായിയായിരുന്നു സി.ജെ. റോയ്. മലയാളികളുടെ സ്വീകരണമുറികളിൽ ഏറെ കാലമായി വലിയ സ്ഥാനമുണ്ടായിരുന്ന റിയാലിറ്റി ഷോകളുടെ സ്പോൺസർ എന്ന നിലയ്ക്കാണ് മലയാളികൾ ആദ്യമായി കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയെ ശ്രദ്ധിച്ചുതുടങ്ങിയത്. ഐഡിയ സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ ഷോകളുടെ സ്പോൺസർ എന്ന നിലയിൽ ഏവർക്കും അറിയാവുന്ന വ്യക്തിത്വമായിരുന്നു റോയിയുടേത്.

കൊച്ചി സ്വദേശിയായ റോയ് ഫ്രാൻസിലും സ്വിറ്റസർലൻ്റിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട റോയ്, കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലകളിലും സിനിമാ നിർമാണം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) എന്നീ രംഗത്തും സജീവമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയ വ്യവസായിയാണ് റോയ്. കോണ്‍ഫിഡൻ്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്. അനോമി, മരയ്ക്കാർ - അറബിക്കടലിൻ്റെ സിംഹം, കാസനോവ, ഐഡൻ്റിറ്റി, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT