കോഴിക്കോട്: നാദാപുരത്ത് പ്രദേശവാസിയും ബന്ധുവും ചേർന്ന് പൊലീസിനെ മർദിച്ചുവെന്ന പരാതിയിൽ വഴിത്തിരിവ്. ഒരു കേസിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുക്കാൻ ചെന്ന പൊലീസിനെ പ്രദേശവാസി മർദിച്ചുവെന്ന കേസിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസിന്റെ വാദങ്ങൾ പൊളിഞ്ഞത്.
2024 ഫെബ്രുവരി 27ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്, പൊലീസിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. വയനാട് തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നാദാപുരം സ്വദേശി സുബൈറിനെ കസ്റ്റഡിയിലെടുക്കാൻ വന്ന സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ജയചന്ദ്രൻ എന്നിവരെ, സുബൈറും ബന്ധു അൽത്താഫും മർദിച്ച് രക്ഷപെട്ടുവെന്നായിരുന്നു കേസ്. തൊണ്ടർനാട് എസ്എച്ച്ഒ ബൈജു ഉൾപ്പടെ ഏഴ് പേർ സംഭവത്തിന് ദൃക്സാക്ഷികളാണെന്നും മൊഴി നൽകി. എന്നാൽ സംഭവം നടന്നുവെന്ന് പറയുന്ന സമയം തൊണ്ടർനാട് എസ്എച്ച്ഒ ബൈജു, നാദാപുരം സ്റ്റേഷനിലെ ഓഫീസ് മുറിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കേസിൽ സാക്ഷി പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും, ഈ സമയം സ്റ്റേഷൻ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തനിക്കെതിരെയുള്ള പരാതി കെട്ടിചമച്ചതാണെന്ന് സുബൈർ പറഞ്ഞു. പൊലീസിന്റെ തെറ്റായ നിലപാടുകൾ ചോദ്യം ചെയ്തതിന്റെ പേരിലാണ്, തന്നെ കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും, ഇതിനായി ഗൂഢാലോചന നടന്നുവെന്നും സുബൈർ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും, സംഭവത്തിൽ നീതി നേടി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുബൈർ പറഞ്ഞു.