തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നും ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ടും ആരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തും തള്ളലുമുണ്ടായി. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്.
മേയറുടെ ചേംബറിന് മുന്നിൽ സിപിഐഎം, ബിജെപി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽഡിഎഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെയാണ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ വലിയ അടിപിടിയുണ്ടാവുകയും, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും മർദനമുണ്ടായി.
സംഘർഷത്തിൽ സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഐഎം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബിജെപി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധു ശശിക്ക് തലയിൽ നാല് സ്റ്റിച്ച് ഇടേണ്ട മുറിവുണ്ടായി. പരിക്കേറ്റ മേയറെയും മറ്റ് കൗൺസിലർമാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭാ പരിസരത്ത് ഇപ്പോഴും കനത്ത പോലീസ് കാവൽ തുടരുകയാണ്.