KERALA

വൃത്തിയിലും ഗ്ലാമറിലും വിട്ടുവീഴ്ചയില്ല; കളറാണ് സുൽത്താൻ ബത്തേരി നഗരസഭ

ക്ലീന്‍സിറ്റി, ഗ്രീന്‍സിറ്റി, ഫ്‌ളവര്‍സിറ്റി എന്ന സുൽത്താൻ ബത്തേരി നഗരസഭയുടെ ആശയമാണ് ഈ നഗരത്തെ ഇത്ര സുന്ദരമാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: ശുചിത്വം കൊണ്ടും സൗന്ദര്യം കൊണ്ടും സംസ്‌ഥാനമെങ്ങും ചർച്ചയായ ഒരു നഗരമുണ്ട് വയനാട്ടിൽ. ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി എന്ന പദ്ധതിക്ക് തുടക്കമിട്ട സുൽത്താൻ ബത്തേരി നഗരസഭ പദ്ധതിക്ക് പിന്നാലെ ഇപ്പോൾ കളറാണ്. പൂക്കൾ പോലെ സുന്ദരമാണ് സുൽത്താൻ ബത്തേരി. ക്ലീന്‍സിറ്റി, ഗ്രീന്‍സിറ്റി, ഫ്‌ളവര്‍സിറ്റി എന്ന സുൽത്താൻ ബത്തേരി നഗരസഭയുടെ ആശയമാണ് ഈ നഗരത്തെ ഇത്ര സുന്ദരമാക്കുന്നത്.

നഗരസഭയിലെ ശുചികരണ തൊഴിലാളികളാണ് ഈ പദ്ധതിയിൽ പ്രശംസനീയമായ പങ്ക് വഹിക്കുന്നവർ. പുലർച്ചെ രണ്ട് മണി മുതൽ ഉച്ചവരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ. ഒരു മിഠായി കടലാസ് പോലും നഗരത്തിലുണ്ടാവരുതെന്ന ഉറച്ച തീരുമാനത്തോടെയാണ് ഇവരുടെ പ്രവർത്തനം. ജനങ്ങൾ നൽകുന്ന സഹകരണമാണ് ശുചിത്വനഗരമായി ബത്തേരി മാറാനുള്ള പ്രധാന കാരണം. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ബത്തേരി മുനിസിപ്പാലിറ്റി എന്ന് ചെയർമാൻ ടി.കെ. രമേശ് പറയുന്നു.

ബത്തേരിയുടെ പൊതു ഇടങ്ങളിലെ വൃത്തിക്കും സൗന്ദര്യത്തിനും നഗരസഭ ഒരുപോലെ ഊന്നൽ നൽകുന്നു. പൊതുവിടങ്ങളൊക്കെ പെയിന്റ് അടിച്ച് കളർഫുൾ ആക്കിയിരിക്കുകയാണ് നഗരസഭ. ഓട്ടോ - ടാക്സി തൊഴിലാളികളും നഗരത്തിലെ വ്യാപാരികളും ശുചിത്വത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്. ടാക്സി സ്റ്റാൻഡുകളിലെയും കടകൾക്ക് മുന്നിലെയും ചെടികളെ സംരക്ഷിക്കുന്നതും ഇവർ തന്നെ.

രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ നഗരത്തിലുള്ള പോസ്റ്ററുകൾ നീക്കം ചെയ്യും. നഗരം ശുചിത്വപൂർണമായി സൂക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചക്കും രാഷ്ട്രീയകക്ഷികളും ജനങ്ങളും തയ്യാറല്ല. അതുകൊണ്ട് തന്നെ ഈ നഗരം ഇന്ന് കേരളത്തിലും, ദേശീയതലത്തിലുമെല്ലാം വൃത്തിയും ഭംഗിയും കൊണ്ട് സ്വന്തം പേരെഴുതി ചേർത്തിരിക്കുകയാണ്‌.

SCROLL FOR NEXT