കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയതില്‍ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. എന്നാല്‍, മന്ത്രിയുടെ പേരില്‍ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം. തന്റെ ഓഫീസാണ് പോസ്റ്റ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ പൊതു തീരുമാനം അനുസരിച്ചാണ് കേന്ദ്ര മന്ത്രിയെ കരിങ്കൊടി കാണിച്ചതെന്നും ജനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം, ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.
മന്ത്രി ജനീഷ് ഫേസ്ബുക്ക് പോസ്റ്റ് നീക്കിയിതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. "ഇട്ട പോസ്റ്റ് നീയായിട്ട് തൂക്കുന്നോ, ഞാനെന്റെ മെറ്റയെക്കൊണ്ട് തൂക്കിക്കണോ? ലെ ഓജെ : തൂക്കി പൂക്കീ തൂക്കി.. അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ" എന്നായിരുന്ന പി.എം. ആര്‍ഷോ ഫേസ്ബുക്കില്‍ പരിഹസിച്ചത്. വി.ഡി. സതീശനെയും വി.ഡി. സവർക്കറെയും തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് ടി.ടി. ജിസ്മോൻ പ്രതികരിച്ചിരുന്നു. "അമിത് ഷായ്ക്ക് എതിരായ വീഡിയോ പോസ്റ്റ് ചെയ്തത് അംമ്പി, വീഡിയോ നീക്കം ചെയ്തത് റെമോ.. അന്യൻ റീലോഡഡ്" എന്നായിരുന്നു വി.കെ. സനോജ് എംഎല്‍എ പ്രതികരിച്ചത്.