പിണറായി വിജയൻ Pinarayi Vijayan/Facebook
KERALA

"ദാരിദ്ര്യവും പട്ടിണി മരണവും ബാലവേലയും ജാതി വിവേചനവും ഇല്ലാത്തൊരു ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല"; സ്വാതന്ത്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. 28 സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. വിവിധ വകുപ്പ് മന്ത്രിമാരാണ് ജില്ലാതല ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകിയത്.

ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുതെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിൻറെ പരമാധികാരത്തിന് നേർക്ക് പുറത്തുനിന്ന് ഭീഷണി വരുമ്പോൾ തന്നെ ജനങ്ങളുടെ ഒരുമയെ ഇല്ലാതാക്കാനുള്ള ഭീഷണി അകത്തുനിന്നും ഉയരുന്നുണ്ട്. വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിനെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"സ്വാതന്ത്ര്യം, ജനാധിപത്യം മതനിരപേക്ഷത സോഷ്യലിസ്റ്റ് സങ്കല്പം തുടങ്ങിയ മൂല്യങ്ങള്‍ ഭരണഘടന മൂല്യങ്ങളാണ്. ഇവ നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ്, ചര്‍ച്ചയ്ക്ക് വിഷയമാക്കാനുള്ളതല്ല. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒരുപോലെ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകും. ഒരുവശത്ത് ദാരിദ്ര നിര്‍മാര്‍ജനം, മറുവശത്ത് ഭാവി കേരളം കെട്ടിപ്പടുക്കല്‍ ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തും. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമവും വികസനവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ്", മുഖ്യമന്ത്രി.

ദാരിദ്ര്യം ഇല്ലാത്ത, പട്ടിണി മരണമില്ലാത്ത, ബാലവേലയില്ലാത്ത, ജാതി വിവേചനമില്ലാത്ത ഒരു ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഒരു ചെറിയ ഇടവേളയില്‍ ഒഴികെ ഈ കാലത്താകെ രാജ്യത്തെ ജനാധിപത്യ നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട പട്ടാള ഭരണത്തിലേക്ക് പോകുന്നത് നാം കണ്ടു. പല പോരായ്മകള്‍ ഏതൊക്കെ തലത്തില്‍ ഉണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ ഭരണഘടന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചു. അത് പരിരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT