തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു.
"മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു," മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വധശിക്ഷ നീട്ടിവെച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നീക്കം യെമൻ നീട്ടിവെച്ചതായി കേന്ദ്ര സർക്കാര്‍ സ്ഥിരീകരിച്ചിരുന്നു. റിയാദിലെ ഇന്ത്യൻ എംബസി വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടുവരുന്നുണ്ട്.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്നായിരുന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറിന്റെ പ്രതികരണം. ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലാണ് ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു.