ചുരുങ്ങിയ സമയം കൊണ്ട് വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുപാട് പ്രയാസങ്ങളും വെല്ലുവിളികളും നേരിട്ടാണ് പദ്ധതി പ്രാവർത്തികമാക്കിയത്. കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതലുള്ള കാര്യങ്ങൾ എല്ലാവരുടെയും ഓർമയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നു. പ്രകൃതി ദുരന്തവും മഹാമാരിയും മാരിയും പദ്ധതിക്ക് തടസ്സമായി. മറ്റുചില പ്രശ്നങ്ങളും ഉണ്ടായി.എന്നാൽ സ്തംഭിച്ചു നിൽക്കാൻ നമുക്കാവില്ല.വികസനത്തിന്റെ കാര്യത്തിൽ സർക്കാർ കാഴ്ചപ്പാട് അതാണ്.വികസന കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇക്കാലയളവിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വിഴിഞ്ഞം തുറമുഖത്തിന് എന്ത് തടസ്സമുണ്ടായാലും നാടിന്റെ ആവശ്യം മുൻകൂട്ടി കണ്ട് അതിജീവിക്കാനാണ് ശ്രമിച്ചത്. അതിന് ഫലമുണ്ടായി. 2024 ജൂലൈയിൽ ആദ്യ മദർഷിപ് വന്നു. 2025 ൽ തുറമുഖം മുഖം നാടിന് സമർപ്പിച്ചു. അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും എണ്ണപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറും. കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്ന ആക്ഷേപം കേട്ടിരുന്നു. ഇതിനെല്ലാം ൾ മറുപടി നൽകിയത് ഇതുപോലുള്ള അനേകം പദ്ധതികൾ യാഥാർത്ഥ്യമാക്കി കൊണ്ടാണ്," മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് ചേർന്ന് രണ്ടാംഘട്ടമായി പൂർത്തീകരിക്കും. അദാനി പോർട്സ് സഹകരണാത്മകമായ നിലപാടാണ് സ്വീകരിച്ചത്.വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. നേരത്തെ കൊളംബോ, സിംഗപ്പൂർ മാത്രം പോയിരുന്ന കപ്പലുകളാണ് വിഴിഞ്ഞത്തേക്ക് വരുന്നത്.ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞെത്ത് എത്താൻ കഴിയും. 2000 മീറ്റർ ബർത്ത് വികസനം പൂർത്തിയാകുന്നതോടെ ഏറ്റവും നീളം കൂടിയ കണ്ടെയ്നർ ബെർത്ത് എന്ന സാഫല്യം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൂർണ വികസനം കൈവരിക്കുന്നതോടെ വിഴിഞ്ഞം ആഗോള ട്രാൻഷിപ്മെമെന്റ് ഹബായി മാറുമെന്നും പിണറായി വിജയൻ പറഞ്ഞു. രണ്ടാംഘട്ട വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാറിന് വരുമാനം ലഭിച്ചു തുടങ്ങും. സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കും എന്നത് സംശയമില്ല. ഇതുവരെ ട്രാൻസ്ഷിപ്മെന്റ് മാത്രമാണ് നടത്തിവന്നത്. ഇനിമുതൽ റോഡ് വഴിയുള്ള ചരക്ക് നീക്കവും സാധ്യമാകും. ഏറ്റവും അടുത്ത ദിവസം റോഡ് വഴിയുള്ള ചരക്ക് നീക്കം ആരംഭിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"ഒന്നാം ഘട്ടത്തിനായി 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും തുറമുഖ നിർമാണത്തിനായി ഇത്ര വലിയ നിക്ഷേപം നടത്തിയിട്ടില്ല. ഇത് കേരളത്തിലാണെങ്കിലും ഇന്ത്യയുടെ ഏറ്റവും പ്രധാന തുറമുഖമായാണ് മാറുന്നത്. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതി എന്ന നിലയ്ക്കാണ്. ഇനിയങ്ങോട്ട് പൂർത്തിയാക്കാനുള്ള എല്ലാ വികസന കാര്യങ്ങൾക്കും നാടിന്റെ താല്പര്യ മുൻനിർത്തി ജനങ്ങളുടെ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.