വിഎസിനെ കാണാൻ എസ് യു ടി ആശുപത്രിയിലേക്ക് മുഖ്യമന്ത്രി എത്തുന്നു, വിഎസ് അച്യുതാനന്ദൻ SOURCE: News Malayalam 24X7
KERALA

വിഎസിന്റെ ആരോഗ്യനിലയില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ട് ആശുപത്രി; സന്ദര്‍ശിച്ച് മുഖ്യമന്ത്രി

വിഎസിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. വിഎസിനെ കണ്ട് ഉടന്‍ തന്നെ അദ്ദേഹം മടങ്ങുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ വി എസിനെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. വിഎസിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും സംസാരിച്ചില്ല. വിഎസിനെ കണ്ട് ഉടന്‍ തന്നെ അദ്ദേഹം മടങ്ങുകയായിരുന്നു.

വിഎസിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ബുള്ളറ്റിന്‍ പുറത്തുവിടുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ് എന്നിവരടക്കമുള്ള വിദഗ്ധരാുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ദിവസം ശ്വാസതടസ്സത്തെ തുടര്‍ന്നാണ് വി എസിനെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍ കുമാര്‍ വി എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.

വിഎസിനെ കാണാന്‍ കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എത്തിയിരുന്നു. എന്നാല്‍ ഐസിയുവിലായതിനാലും സന്ദര്‍ശകര്‍ക്ക് പരിമിതി ഉള്ളതിനാലും ഇരുവര്‍ക്കും വിഎസിനെ കാണാന്‍ സാധിച്ചില്ല.

വിഎസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും പതിവുപോലെ പോരാളിയായ വിഎസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും എംഎ ബേബി ആശുപത്രി സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഎസ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

SCROLL FOR NEXT