അറിവിന്റെ ലോകത്ത് ചുവടുവയ്ക്കാന്‍ കുരുന്നുകള്‍ ഇന്ന് വിദ്യാലയ മുറ്റത്തേക്ക്. പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍. സംസ്ഥാനതല ഉദ്ഘാടനം മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സമഗ്ര മാറ്റങ്ങളോടെയാണ് ഇത്തവണ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രവേശനോത്സവത്തില്‍ മാത്രമല്ല പാഠ്യപദ്ധതിയിലും പുത്തന്‍ ആശയങ്ങള്‍ക്ക് കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തുടക്കം കുറിക്കുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തവണ എത്തുന്നത് അടിമുടി മാറ്റങ്ങളുമായാണ്. മധ്യ വേനലവധിയുടെ ആലസ്യത്തിലെത്തുന്ന കുട്ടികള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തകങ്ങളില്ല. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, സമയക്രമത്തിലെ മാറ്റം, ചില ക്ലാസുകളില്‍ പുത്തന്‍ പാഠപുസ്തകങ്ങള്‍ എന്നിവയടക്കം വിദ്യാര്‍ഥികളുടെ സാമൂഹിക വികാസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
44 ലക്ഷത്തിലധികം കുട്ടികള്‍ ഇത്തവണ വിദ്യാലയങ്ങളിലേക്കെത്തുമെന്നാണ് അനൗദ്യോഗിക കണക്ക്. ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ ഒഴിവാക്കിയുള്ള പഠനം, കുട്ടികളില്‍ സാമൂഹ്യ അവബോധം വളര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്.
പുത്തന്‍ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയത്തിലും മാറ്റമുണ്ട്. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുന്നത്. വൈകുന്നേരം മാത്രമായി അര മണിക്കൂര്‍ വര്‍ധിപ്പിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയിലുണ്ട്. ഒപ്പം തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ഹൈസ്‌കൂളുകളില്‍ 205, യുപിയില്‍ 200, എല്‍പിയില്‍ 198 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങള്‍.
അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് നിര്‍ബന്ധമാണ്. അതായത് 5-ാം വയസില്‍ സ്‌കൂള്‍ പ്രവേശനം നേടാന്‍ കഴിയുന്ന അവസാനത്തെ വര്‍ഷം കൂടിയാകും ഇത്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് അടക്കമുള്ള വിഷയങ്ങള്‍ കുട്ടികള്‍ പഠിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പുത്തന്‍ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.