മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് അറുപത്തി രണ്ടാം പിറന്നാൾ. അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് വി.ഡി. സതീശനെ കേരളത്തിൻ്റെ ഭരണചക്രത്തിലേക്ക് എത്തിച്ചത്. കെഎസ്‌യു എന്ന കരുത്തുറ്റ പോരാട്ടവീര്യത്തിന്റെ പാഠപുസ്തകത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയ നേതാവ്. കൃത്യമായ ആസൂത്രണവും കർശനമായ നിലപാടുകളും കൊണ്ട് കേരളത്തിൻ്റെ ജനനായകനായ വി.ഡി. സതീശന് നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേരുന്നത്.
2021-ൽ തകർന്നുപോയ യുഡിഎഫിനെ കൈപിടിച്ചുയർത്തിയ നായകൻ. വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുന്നത് ചരിത്രം കുറിച്ചുകൊണ്ടാണ്. കഴിഞ്ഞ അഞ്ച് വർഷം സഭയിലും പുറത്തും പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തിയ പോരാട്ടം. മുൻപ് പലപ്പോഴും മുഖ്യമന്ത്രിയായിരുന്നു അജണ്ട നിശ്ചയിച്ചിരുന്നതെങ്കിൽ, ഇക്കുറി കളി മാറ്റിമറിച്ചത് സതീശനായിരുന്നു. ഇടതുപക്ഷം പോലും സതീശന്റെ ആരോപണങ്ങൾക്ക് പിന്നാലെ മറുപടി പറയാൻ ഓടിയ കാഴ്ച നാം കണ്ടു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും കണ്ട ആ വിജയ തന്ത്രങ്ങൾ കേരളം മൊത്തം പ്രതിഫലിച്ചു.
മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത ശൈലിയാണ് സതീശന്റേത്. ഉറച്ച നിലപാട്, മൂർച്ചയുള്ള വാക്കുകൾ. സമുദായ നേതാക്കളുടെ വഴിവിട്ട ഇടപെടലുകളോട് വിട്ടുവീഴ്ച ചെയ്യാത്ത ആ ശൈലി അദ്ദേഹത്തിന് ശത്രുക്കളെയും ആരാധകരെയും ഒരുപോലെ നൽകി. തേവര എസ്.എച്ച് കോളജിലെ കെ.എസ്.യു നേതാവായി രാഷ്ട്രീയ രംഗത്തേക്ക് നടന്ന് കയറി. തേവര സേക്രഡ് ഹാർട്ട് കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി. എംജി സർവകലാശാല വൈസ് ചെയർമാനൊപ്പം എന്‍എസ്യു ദേശീയ നേതാവായി ഉയര്‍ന്നു. കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം നിരവധി ഉത്തരവാദിത്തങ്ങളിലൂടെ കടന്നുപോയി. കെഎസ്യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രധാനസ്ഥാനങ്ങള്‍ മാത്രമല്ല, കെപിസിസി പ്രസിഡന്‍റ് സ്ഥാനവും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടു.
2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവിടെയും ഗ്രൂപ്പ് സമവാക്യത്തിനൊടുവില്‍ തഴയപ്പെട്ടു.. അപ്രതീക്ഷിതമായി കൈവന്ന പ്രതിപക്ഷ നേതാവ് സ്ഥാനം വിഡിഎസ് എന്ന കരുത്തുറ്റ നേതാവിനെ സൃഷ്ടിച്ചു. ഇടതുകോട്ടയായിരുന്ന പറവൂരില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ച സിപിഐയുടെ പി. രാജുവിനോട് 1996-ലെ തെരഞ്ഞെടുപ്പില്‍ 1116 വോട്ടുകള്‍ക്ക് തോറ്റ വി.ഡി. സതീശന്‍ 2001-ല്‍ അദ്ദേഹത്തെ 7434 വോട്ടുകള്‍ക്ക് തോല്‍പിപ്പിച്ച് ആദ്യമായി നിയമസഭയിലേക്ക്. പിന്നീടൊരിക്കലും പറവൂര്‍ വി.ഡിയെയും വി.ഡി പറവൂരിനെയും കൈവിട്ടിട്ടില്ല.
2010-ലെ ലോട്ടറി മാഫിയയ്ക്കെതിരായ പോരാട്ടം. സാൻറിയാഗോ മാർട്ടിനെതിരെയുള്ള കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നിരയെ വിറപ്പിച്ചു. ഭരണപക്ഷത്തിരിക്കുമ്പോൾ പോലും പരിസ്ഥിതിക്കും നീതിക്കും വേണ്ടി സ്വന്തം പാർട്ടിക്കുള്ളിൽ കലഹിച്ച 'ഗ്രീൻ പൊളിറ്റിക്സിന്റെ' വക്താവ്. ഗാഡ്ഗിൽ റിപ്പോർട്ടിലും മെത്രാൻ കായൽ വിഷയത്തിലും സതീശൻ എടുത്ത നിലപാട് കോണ്‍ഗ്രസ് നേതാക്കളെ പോലും ചൊടിപ്പിച്ചു.
1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനനം. വടശ്ശേരി ദാമോദര മേനോന്റെയും വിലാസിനിയമ്മയുടെയും മകൻ. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരി. പാർലമെന്ററി രാഷ്ട്രീയത്തിനുമുമ്പ് ഹൈക്കോടതിയിൽ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു. പറവൂർ എന്ന തന്റെ കോട്ടയിൽ നിന്ന് തുടർച്ചയായ ആറാം തവണയും ലീഡുയർത്തി നിയമസഭയിലെത്തിയപ്പോൾ അത് ഒരു അജയ്യമായ യാത്രയായിരുന്നു. ഇത് സതീശൻ ശൈലിയുടെ കാലമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന് ന്യൂസ് മലയാളത്തിന്റെ പിറന്നാൾ ആശംസകൾ