വി.ഡി. സതീശന്‍ 
KERALA

"അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ട"; ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടിയിട്ടില്ലെന്ന് ഡിസിപിയുടെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ തിരുവനന്തപുരം ഡിസിപിയോ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്നു രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.

രാവിലെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിനു മുന്നിൽ മറ്റൊരു വാഹനം അധികമായി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്, ചടങ്ങ് നടന്ന സ്ഥലത്ത് കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ഡിസിപിയെ അടുത്തേക്ക് വിളിച്ചാണ് അതൃപ്തി അറിയിച്ചത്. ഔദ്യോഗിക യാത്രയ്ക്കായി കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, ഏറ്റവും മുന്നിലായിപ്പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഡിസിപി മുഖ്യമന്ത്രിയെ അറിയിച്ചു. പരിപാടി സ്ഥലത്തേക്ക് എത്തേണ്ടിയിരുന്ന മ്യൂസിയം എസ്എച്ച്ഒയുടെ വാഹനമാണ് മുന്നില്‍ പോയതെന്നും പൊലീസ് അറിയിച്ചു. പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടിയിട്ടില്ലെന്നും ഡിസിപി അറിയിച്ചു.

നിരവധി വാഹനങ്ങളുടെ അകമ്പടി തന്റെ യാത്രയില്‍ വേണ്ടെന്ന് അധികാരമേറ്റപ്പോള്‍ തന്നെ വി.ഡി. സതീശന്‍ പൊലീസിനോട് അറിയിച്ചിരുന്നു. അതനുസരിച്ചായിരുന്നു പൈലറ്റ് വാഹനങ്ങള്‍ ക്രമീകരിച്ചിരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. യാത്രാവേളകളില്‍ വഴിയില്‍ പൊലീസ് നില്‍ക്കും. അതേസമയം, എസ്കോർട്ടും പൈലറ്റും നിലവിലേതു പോലെ തുടരാനുമായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും അയച്ചിരുന്നു.

SCROLL FOR NEXT