ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറി. ഇത്രയും പെട്ടെന്ന് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, കായിക താരങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണ കൂടിയിട്ടുണ്ടെന്നും വിദർശ പറഞ്ഞു.
"ഒരുപാട് സന്തോഷമുള്ള നിമിഷമാണ്. കേരളാ ഗവൺമെന്റിൽ ജോലി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കേരളത്തിൽ നിന്നും ഓഫർ വന്നാൽ സ്വീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇത്രയും പെട്ടെന്ന് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കായികതാരങ്ങൾക്ക് സർക്കാറിന്റെ പിന്തുണ കൂടിയിട്ടുണ്ട്". വലിയൊരു ചടങ്ങിൽ നിയമന ഉത്തരവ് കൈമാറണം എന്നായിരുന്നു ആഗ്രഹം എന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും വിദർശ കെ. വിനോദ് പറഞ്ഞു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം എന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.
നേരത്തെ ഏഷ്യൻ ഗെയിംസ് നേട്ടത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് വിദർശ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് സർക്കാർ സർവീസിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാൻ കായിക മന്ത്രി ഒ.ജെ. ജനീഷ് നിർദേശം നൽകുകയായിരുന്നു.