പരിപാടി ഡയറക്ടർ ഡോ ​ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു 
KERALA

മത്സ്യ കർഷകർക്ക് ആശ്വാസം; പട്ടാള ഈച്ചയിൽ നിന്ന് മത്സ്യത്തീറ്റ നിർമിക്കുന്നതിൽ പരിശീലനവുമായി സിഎംഎഫ്ആർഐ

സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ്‌സി‌എസ്‌പി) കീഴിലുള്ള ​​ഗുണഭോക്താക്കൾക്കാണ് പരിശീലനം നൽകുന്നത്

Author : ന്യൂസ് ഡെസ്ക്

പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യത്തീറ്റ നിർമിക്കുന്നതിൽ കർഷകർക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം. ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാ​ഗമായാണ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ​ഗ്രിൻസൺ ജോർജ് നിർവഹിച്ചു.

സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ്‌സി‌എസ്‌പി) കീഴിലുള്ള ​​ഗുണഭോക്താക്കൾക്കാണ് പരിശീലനം നൽകുന്നത്. കൂടുമത്സ്യ കൃഷി, ബയോഫ്ളോക് കൃഷിരീതികളിൽ ആവശ്യമായി വരുന്ന മത്സ്യത്തീറ്റ നിർമാണത്തിൽ കർഷകർക്ക് പ്രായോ​ഗിക പരി‍ജ്ഞാനം നൽകുകയാണ് ലക്ഷ്യം. എസ്‌സി‌എസ്‌പി പദ്ധതിയുടെ ഭാ​ഗമായി, ഇന്ത്യയിലാകെ പട്ടികജാതി വിഭാ​ഗത്തിൽ പെട്ട മത്സ്യകർഷകർക്ക് കൂടുമത്സ്യ കൃഷി, ബയോഫ്ലോക്ക് കൃഷി എന്നിവയിൽ പരീശീലനവും സഹായവും സിഎംഎഫ്ആർഐ നൽകിവരുന്നുണ്ട്.

പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യത്തീറ്റ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സിഎംഎഫ്ആർഐ നേരത്തെ വികസിപ്പിച്ചിരുന്നു. പരമ്പരാ​ഗത മത്സ്യത്തീറ്റയിലടങ്ങിയിട്ടുള്ള ഫിഷ് മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാള ഈച്ചയുടെ ലാർവയാണ് തീറ്റ നിർമാണത്തിന് ഉപയോ​ഗിക്കുന്നത്. മീനുകളുടെ വളർച്ചയെ സഹായിക്കുന്നതും സുസ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് ഈ തീറ്റ.

മത്സ്യകൃഷിയിൽ തീറ്റയുടെ വില ഒരു പ്രധാന ഘടമകമാണെന്ന് ഡോ. ​ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇത് മൊത്തം ചിലവിന്റെ 40-60% വരും. കൂടുമത്സ്യ- ബയോ-ഫ്ലോക്ക് മത്സ്യകൃഷിയിൽ നിന്നുള്ള ലാഭം വർദ്ധിപ്പിക്കുന്നതിന് ചിലവ് കുറഞ്ഞ മത്സ്യത്തീറ്റ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ. മധു, ഡോ. വിപിൻ കുമാർ വി.പി., ഡോ. രമ മധു, ഡോ. സനൽ എബനീസർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

SCROLL FOR NEXT