കേരളത്തില്‍ മത്തി ലഭ്യത കൂടി  
KERALA

കേരളത്തിൽ മത്തി കൂടി, മത്സ്യലഭ്യതയിൽ നേരിയ കുറവെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്

രാജ്യത്താകെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) പുറത്തുവിട്ട വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.

6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിന് രാജ്യത്തെ മൂന്നാം സ്ഥാനമാണ് ഉള്ളത്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.6.79 ലക്ഷം ടണ്ണുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ് 1.49 ലക്ഷം ടണ്ണായിരുന്നു ലഭിച്ചത്.

രാജ്യത്താകെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്. 2.63 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

2024 കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ്.കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ മത്തി വളരെ കുറവായിരുന്നു. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.

മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർധിക്കുകയും ചെയ്തു.

രാജ്യത്താകെ വിവിധ യാനങ്ങളിൽ മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിൻ്റെ ഭാ​ഗമായി നിരീക്ഷിച്ചു. ഒരു ട്രിപ്പിൽ യന്ത്രവൽകൃത യാനങ്ങൾ ശരാശരി 2959 കിലോ​ഗ്രാം മത്സ്യവും മോട്ടോർ യാനങ്ങൾ ശരാശരി 174 കിലോ​ഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി.

മോട്ടോർ-ഇതര വള്ളങ്ങൾ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻ‌ഷൻ വിഭാ​ഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.

SCROLL FOR NEXT