പ്രതീകാത്മക ചിത്രം Source: social media
KERALA

സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ എംഎഫ്ആർഐ; വിഷയത്തിൽ പഠന സമിതി രൂപീകരിക്കും

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്രാവ്-തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാർഗ്ഗവും എന്ന വിഷയത്തിൽ പങ്കാളിത്ത ശിൽപ്പശാലയും നടത്തി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സ്രാവ് പിടിത്ത വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദ​ഗതിയെ തുടർന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയിൽ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീൻപിടുത്ത വലകളിൽ കുടുങ്ങുന്നത് ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനാണ് സമിതി രൂപീകരിക്കുന്നത്.

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്രാവ്-തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാർഗ്ഗവും എന്ന വിഷയത്തിൽ പങ്കാളിത്ത ശിൽപ്പശാലയും നടത്തി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ​ഗ്രിൻസൺ ജോർജാണ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് ഗ്രിൻസൺ ജോർജ് പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷയും ഉറപ്പാക്കുന്ന രീതിയിൽ സന്തുലിതവും പ്രായോ​ഗികവുമായി സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് ശിൽപശാലയിൽ നടന്ന ചർച്ചയിൽ സിഎംഎഫ്ആർഐ നിർദേശിച്ചു.

ദശലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ജീവ നാഡിയാണ് മത്സ്യബന്ധനം. കരയിൽ നിന്ന് വ്യത്യസ്തമായി, വല വലിച്ചെടുക്കുന്നതുവരെ അനധികൃത മീൻപിടിത്തം പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. സംരക്ഷിത ജീവികളെ ആകസ്മികമായി പിടികൂടുന്നതിനുള്ള കർശനമായ ശിക്ഷാ നടപടി പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ നിയമത്തിൽ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവിനെ പിടിച്ചതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കിടയിലും എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്കിടയിലും ആശയക്കുഴപ്പമുണ്ടായി. ഇവയുടെ കയറ്റുമതിയിലാണ് നിയന്ത്രണമുള്ളത്. പിടിക്കുന്നതിനും ആഭ്യന്തര വ്യാപാരത്തിനും നിയന്ത്രണമില്ല.

എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്ക് പരിശീലനം നൽകൽ, മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം, മീൻപിടിത്തത്തിലെ സ്വയം നിയന്ത്രണം, പങ്കാളിത്ത സംരക്ഷണപദ്ധതികൾ, സ്ഥിരമായ ശാസ്ത്രീയ വിലയിരുത്തൽ, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകൾ (നോൺ ഡെട്രിമെന്റൽ ഫൈൻഡിം​ഗ്) തയ്യാറാക്കൽ എന്നിവ നിയമം ഫലപ്രദമായി നടപ്പാകാകുന്നതിന് ആവശ്യമാണെന്ന് സിഎംഎഫ്ആർഐ നിർദേശിച്ചു.

മത്സ്യത്തൊഴിലാളികൾ, എൻഫോഴ്‌സ്‌മെന്റ്- ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥർ, സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സിഎംഎഫ്ആർഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ രാജ് ആർ, ലോങ്‌ലൈൻ ആൻഡ് ഗിൽനെറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവർ സംസാരിച്ചു.

SCROLL FOR NEXT