നിര്‍ണായക സിനഡ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ സിറോ-മലബാര്‍ സഭയില്‍ പൊട്ടിത്തെറി. സഭാ സിനഡിനെതിരെ കടുത്ത വിമര്‍ശനവുമായി സിഎംഐ സന്യാസ സഭ രംഗത്ത്. സിറോ-മലബാര്‍ സഭയില്‍ മെത്രാന്‍ സ്ഥാനം അലങ്കരിക്കുന്നവരെ ബഹുമാന വചനങ്ങള്‍ ഉപയോഗിച്ച് ഇനി വിശേഷിപ്പിക്കില്ലന്ന് സന്യാസ സഭയുടെ പ്രഖ്യാപനം. വിശ്വാസികളുടെ ഇടയില്‍ മെത്രാന്‍ സ്ഥാനത്തിന്റെ വിഗ്രഹങ്ങള്‍ വീണുടഞ്ഞെന്നും സഭ മുഖപത്രം വിമര്‍ശിച്ചു.
നാളെ തുടങ്ങുന്ന സിനഡ് കുര്‍ബാന പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍മല കുസുമം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നത്. കന്യാസ്ത്രികളും, വിശ്വാസികളും വൈദികരും ഇന്ത്യയില്‍ ആക്രമിക്കപെടുന്നതില്‍ സിനഡ് ഞെട്ടി എന്ന വാര്‍ത്ത വിശ്വാസികള്‍ക്ക് വേണ്ട. ഇതില്‍ ഒരുപാട് തവണ എല്ലാവരും ഞെട്ടി കഴിഞ്ഞുവെന്നും വെളിച്ചെണ്ണ വിലയും റബര്‍ വിലയും ചര്‍ച്ച ചെയ്ത് സിനഡ് മോശമാകരുതെന്നും സിഎംഐ സഭ മെത്രാന്‍ സിനഡിനോട് ആവശ്യപ്പെട്ടു. ഇതോടെ നാളെ മുതല്‍ ആരംഭിക്കുന്ന സിനഡില്‍ ചേരിതിരിഞ്ഞ് പോരാട്ടം ഉറപ്പായി.
കല്‍ദായ, കല്‍ദായ വിരുദ്ധ ചേരികളായാണ് സിനഡ് ഇപ്പോള്‍ നില ഉറപ്പിക്കുന്നത്. കല്‍ദായ വിരുദ്ധ ലോബിക്ക് നേതൃത്വം നല്‍കുന്നത് ആര്‍ച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ്. കല്‍ദായ ചേരിക്ക് നേതാക്കന്മാരുടെ നീണ്ട നിരയുണ്ടെങ്കിലും ഇപ്പോള്‍ ആ ചേരിയുടെ മുഖ്യവക്താവ് ബിഷപ്പ് തോമസ് പാടിയത്താണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിക്കെതിരെ കടുത്ത വിമര്‍ശനം എറണാകുളം പ്രശ്‌നപരിഹാര വിഷയത്തില്‍ കല്‍ദായ ചേരിക്കുണ്ട്. ഇതിനൊപ്പം ഛത്തീസ്ഘട്ടില്‍ മത പരിവര്‍ത്തനവും, മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രികളുടെ മോചനത്തിന് പിന്നാലെ മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. പാംപ്ലാനിക്കെതിരെ സഭക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാംപ്ലാനിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടി പറയാന്‍ സഭാ നേതൃത്വം തയാറായിരുന്നില്ല. സ്വന്തം അതിരൂപതയായ തലശേരി അതിരൂപതയിലെ ഏതാനും വൈദികരെ ഒഴിച്ചു നിര്‍ത്തിയാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ നേതൃത്വം പോലും മാര്‍ പാംപ്ലാനിക്ക് പിന്തുണ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ നാളെ ആരംഭിക്കുന്ന സിനഡില്‍ മാര്‍ തോമസ് പാടിയത്തിന്റെ നേതൃത്വത്തിലുള്ള കല്‍ദായ ചേരി മാര്‍ പാംപ്ലാനിയെ സിനഡ് സെക്രട്ടറി സ്ഥാനത്തു നിന്നും, എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാളിന്റെ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന കടുത്ത നിലപാട് എടുക്കുമെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ തനിക്ക് പെര്‍മനന്റ് സിനഡിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പാക്കാനാണ് മാര്‍ പാംപ്ലാനിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് സിനഡ് സമ്മേളനത്തിന് രണ്ട് നാള്‍ മുന്‍പ് സഭയുടെ മീഡിയ കമ്മീഷനെ കൊണ്ട് മാര്‍ പാംപ്ലാനി അനുകൂല പ്രതികരണ കുറിപ്പ് ഇറക്കിയത്. ഇതിന് മറുപടി എന്ന നിലയില്‍ തന്നെയാണ് മാര്‍ പാംപ്ലാനിക്കെതിരെ നടപടിയുമായി മുന്‍പോട്ട് പോകുന്ന സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ജഡ്ജി ജയിംസ് പാമ്പാറ സിഎംഐയുടെ സന്യാസ സമൂഹം മെത്രാന്‍ സിനഡിനെതിരെ രംഗത്തെത്തിയത്.