വ്യാജ ഇൻവോയ്സ് സൃഷ്ടിച്ചതിന് കേരളാ പൊലീസിന് കേസെടുക്കാമെന്നും ഷോൺ ജോർജ് 
KERALA

ടി. വീണക്കെതിരെ ശക്തമായ ഡിജിറ്റൽ തെളിവ്; വ്യാജ ഇൻവോയ്സ് സൃഷ്ടിച്ചതിന് പൊലീസിന് കേസെടുക്കാമെന്നും ഷോൺ ജോർജ്

ഡയറിയിലെ പേരുകളിലേക്ക് അന്വേഷണം നീളുമെന്ന് ഷോൺ ജോർജ്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ടി. വീണക്കെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് ഷോൺ ജോർജ്. ഇഡിക്ക് കേസിൽ നടപടി സ്വീകരിക്കാൻ തടസമില്ല. വീണയുടെ കമ്പനി ചെയ്യാത്ത സേവനത്തിനാണ് പണം സ്വീകരിച്ചിട്ടുള്ളത്.

തെളിവുകൾ അപര്യാപ്തമാണെങ്കിൽ ഇഡിക്ക് കൂടുതൽ തെളിവുകൾ ശേഖരിക്കാം. പൊതുമേഖല സ്ഥാപനത്തിൽ നിന്ന് 197 കോടി രൂപയാണ് കവർന്നിട്ടുള്ളത്. ഷെയർ ഹോൾഡേഴ്സിന് അവകാശപ്പെട്ട പണമാണ് കവർന്നിട്ടുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.

കേരളത്തിൻ്റെ തീരദേശത്തെ കൊള്ള ചെയ്യാൻ വേണ്ടിയാണ് പിണറായിയും മകളും നീക്കം നടത്തിയത്. കരിമണൽ നിന്നുള്ള തോറിയം വേർതിരിച്ചിട്ടുണ്ടോ, ഇത് എങ്ങോട്ട് കയറ്റുമതി ചെയ്തുവെന്നാണ് അന്വേഷിക്കേണ്ടതെന്നും ഷോൺ ജോർജ് പറഞ്ഞു.

ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഡയറിയിലുള്ള പേരുകളിലേക്ക് അന്വേഷണം വേണം. സിബിഐ അന്വേഷണം നടന്നാൽ കൃത്യമായ വിവരം ലഭിക്കും. നേരത്തെ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഇഡി കത്തയച്ചിരുന്നു. എന്നാൽ അന്വേഷണം എങ്ങുംഎത്തിയില്ലെന്നും ഷോൺ ആരോപിച്ചു.

നൽകാത്ത സേവനത്തിന് ജിഎസ്ടി അടച്ചതിന് വീണയെ ജയിലിൽ അടയ്ക്കാൻ വകുപ്പുണ്ട്. വ്യാജ ഇൻവോയ്സ് സൃഷ്ടിച്ചതിന് സർക്കാരിന് വീണക്കെതിരെ കേസെടുക്കാം. അതിനുള്ള ചങ്കുറ്റം വി.ഡി. സതീശൻ സർക്കാരിന് ഉണ്ടോയെന്നും ഷോൺ ജോർജ് ചോദിച്ചു.

SCROLL FOR NEXT