തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. മാസപ്പടി കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ മകൾ ടി. വീണയാണ് രണ്ടാം പ്രതി.
രണ്ടാമത്തെ ഹവാല പണമിടപാട് കേസിൽ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഇതേ കേസിൽ ഭാര്യ ടി. വീണ രണ്ടാം പ്രതിയാണ്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക.ഇ.ഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങാനിരിക്കെ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് പിണറായി വിജയനും കുടുംബവും. സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ നാളെ അപ്പീൽ നൽകും. പ്രതിപക്ഷ നേതാവിനൊപ്പം മകൾ വീണ ടി, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരും സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.