അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയെ അപമാനിച്ച കാസര്‍ഗോഡ് ജൂനിയര്‍ സൂപ്രണ്ടിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്ത എ. പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കളക്ടര്‍ ശുപാര്‍ശ ചെയ്തു. തുടര്‍ച്ചയായി അച്ചടക്ക ലംഘനം ഉണ്ടായതിനാലാണ് തീരുമാനം.
പവിത്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എ. പവിത്രന്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത് ജാതി പറഞ്ഞുള്ള അധിക്ഷേപവും ഹീനമായ പ്രവൃത്തിയുമാണെന്ന് മന്ത്രി കെ. രാജനും പ്രതികരിച്ചിരുന്നു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ടാണ് എ. പവിത്രന്‍.
ഫേസ്ബുക്കിലൂടെ രഞ്ജിതയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടായിരുന്നു പവിത്രന്റെ പരാമര്‍ശം. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിലായിരുന്നു പവിത്രന്റെ അധിക്ഷേപ കമന്റ്. പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. വിഷയം ചര്‍ച്ചയായതോടെ കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കപ്പെട്ടതോടെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തിയതിന് നേരത്തെയും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ രഞ്ജിതയെ കുറിച്ച് കമന്റിഡുകയും ചെയ്തതിനാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.