തൃശൂർ: കമ്മ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ.എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്നു എം.പി. ഗോവിന്ദൻ.
പരമേശ്വരൻ്റെ നാലാംലോക സിദ്ധാന്തം ഇടതുപക്ഷത്തിനിടയിൽ ചർച്ചയായിരുന്നു. ഇതോടെ 2004-ൽ അദ്ദേഹത്തെ പുറത്താക്കി. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഐഎം ഇതിനെ തള്ളിക്കളഞ്ഞത്. ഈ സിദ്ധാന്തത്തിലൂടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് എം.പി. പരമേശ്വരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി.
1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.